യുസിമാസ് സംസ്ഥാനതല അബാക്കസ് മത്സരം; ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് കിരീടം ലിയ ഫാത്തിമയ്ക്ക്
.
കുട്ടികളുടെ ബൗദ്ധിക വികാസത്തിനായി പ്രവർത്തിക്കുന്ന ആഗോള പ്രസ്ഥാനമായ യുസിമാസ് (UCMAS) സംഘടിപ്പിച്ച ആറാമത് കേരള സംസ്ഥാനതല അബാക്കസ് മത്സരത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പുരസ്കാരം ലിയ ഫാത്തിമ സ്വന്തമാക്കി. യുസിമാസ് മെഡിക്കൽ കോളേജ് റോഡ്, തിരുവനന്തപുരം സെന്ററിലെ വിദ്യാർത്ഥിനിയായ ലിയ, ഞായറാഴ്ച പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിനൊടുവിലാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. വിജയിക്ക് 11,000 രൂപയും ട്രോഫിയും സമ്മാനമായി നൽകി.

ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ലിയ, മലപ്പുറം സ്വദേശികളായ മുഹമ്മദ് അലി സുഫൈജ മുസ്തഫ ദമ്പതികളുടെ മകളാണ്. കരകുളം വിദ്യാധിരാജ എൽ.പി.എസ് പ്രിൻസിപ്പാൾ അനീഷ് ജെ. പ്രയാഗും, അയിനിമൂട് മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പ്രിൻസിപ്പാൾ ഗിരിജാംബികയും മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 500 വിദ്യാർത്ഥികൾ പങ്കെടുത്തു.

ഫൗണ്ടേഷൻ ലെവൽ മുതൽ ഗ്രാൻഡ് ലെവൽ വരെ എട്ട് തലങ്ങളിലായി, വിഷ്വൽ, ലിസണിംഗ്, ഫ്ലാഷ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വിവിധ ലെവലുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കുട്ടികളിൽ ആത്മവിശ്വാസം, ഏകാഗ്രത, സർഗാത്മകത എന്നിവ വർധിപ്പിക്കുന്നതിൽ യുസിമാസ് പരിശീലനം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് യുസിമാസ് കേരള ഡയറക്ടർ സിന്ധു പ്രേംനാഥ് നായർ പറഞ്ഞു.

ഗണിതശാസ്ത്രത്തോടുള്ള ഭയം അകറ്റി, വേഗത്തിലും കൃത്യതയോടെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇത്തരം മത്സരങ്ങൾ വിദ്യാർത്ഥികളെ സജ്ജരാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കാൽക്കുലേറ്ററുകളേക്കാൾ വേഗത്തിൽ സങ്കീർണ്ണമായ ഗണിതപ്രശ്നങ്ങൾക്ക് മനസ്സിൽ തന്നെ ഉത്തരങ്ങൾ കണ്ടെത്തിയ കുട്ടികളുടെ പ്രകടനം കാണികളെ വിസ്മയിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ വിദ്യാർത്ഥികളെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.



