താക്കോലുമായി രണ്ടുവയസുകാരൻ കാറിനുള്ളിൽ കുടുങ്ങി; രക്ഷാപ്രവർത്തനത്തിനെത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ അകപ്പെട്ട് രണ്ടുവയസുകാരൻ. ചാവടിനട സ്വദേശി നന്ദുവിന്റെ മകൻ ആരവാണ് രാവിലെ കാറിൽ കുടുങ്ങിയത്. രാവിലെ കുട്ടിയുടെ പിതാവ് കാർ തുടച്ച് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. റിമോട്ട് താക്കോലുമായി കുഞ്ഞ് കാറിനുള്ളിൽ കയറി ഡോറടച്ചു.

ഒരു മണിക്കൂറോളം ഡ്യൂപ്ലിക്കേറ്റ് താക്കോലിനായി തെരഞ്ഞെങ്കിലും കിട്ടാതായതോടെ ഫയർ ഫോഴ്സിൽ വിവരമറിയിച്ചു. ഫയർ ഫോഴ്സെത്തി കുട്ടിയെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ സ്പെയർ കീ കണ്ടെത്തുകയും കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കുട്ടിയുടെ വീട്ടുകാർ അറിയിച്ചു.

എഎസ്ടിഒ സജീവ് കുമാർ, ഗ്രേഡ് എഎസ്ടിഒ വിനോദ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, പ്രശാന്ത്, അനീഷ്, ഷിബു, രാജേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.

