അടിച്ചുമാറ്റിയത് 20000ത്തിന്റെ രണ്ട് വാച്ചുകള്‍; സ്വിച്ച് ബോര്‍ഡില്‍ സോറിയെന്ന് എഴുതിവെച്ച് കള്ളന്‍

.
പാലക്കാട്: ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത പുലര്‍ത്തണമെന്നാണല്ലോ.. അതിനി മോഷണമാണെങ്കില്‍ കൂടി! വീട്ടില്‍ കയറി വാച്ച് അടിച്ചുമാറ്റിയ കള്ളന്‍ ക്ഷമാപണവും നടത്തി മുങ്ങിയെന്ന വാര്‍ത്തയാണ് പാലക്കാട് നിന്നും വന്നിരിക്കുന്നത്. ചന്ദ്രനഗര്‍ ജയനഗര്‍ കോളനിയില്‍ തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു മോഷണം നടന്നത്.

വീടിന്റെ സ്വിച്ച് ബോര്‍ഡില്‍ സോറി എന്നെഴുതിയ ശേഷം 20000 രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകളുമായാണ് കള്ളന്‍ കടന്നുകളഞ്ഞത്. വീടിന് ചുറ്റും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ കള്ളന്‍ അകത്തുകയറുന്നതും പുറത്തുപോകുന്നതുമെല്ലാം വ്യക്തമാണ്. വീടിന്റെ ഉടമസ്ഥര്‍ വിദേശത്താണ് താമസം.

വീട് ഇടയ്ക്ക് വൃത്തിയാക്കാന്‍ ബന്ധുക്കളെയാണ് ഏല്‍പിച്ചിരിക്കുന്നത്. സംഭവം ബന്ധുക്കളാണ് കസബ പൊലീസില്‍ അറിയിച്ചത്. മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ പണമോ വീട്ടിലുണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

