ലഹരി മാഫിയാ സംഘത്തെ ചോദ്യംചെയ്‌ത സിപിഐ(എം) ബ്രാഞ്ചംഗമടക്കം രണ്ടുപേരെ കുത്തിക്കൊന്നു
തലശേരി: ലഹരി മാഫിയാ സംഘത്തെ ചോദ്യംചെയ്‌ത സിപിഐ(എം) ബ്രാഞ്ചംഗമടക്കം രണ്ടുപേരെ ആശുപത്രിയിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. ഒപ്പമുണ്ടായിരുന്നയാൾക്ക് മാരകമായി വെട്ടേറ്റു. സിപിഐ(എം) അനുഭാവി തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ‘ത്രിവർണ ഹൗസി’ൽ കെ ഖാലിദ് (52), സഹോദരീ ഭർത്താവും സിപിഐ എം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണ ഹൗസിൽ പൂവനാഴി ഷമീർ (40) എന്നിവരെയാണ് നിഷ്‌ഠുരമായി കൊലപ്പെടുത്തിയത്.
നെട്ടൂർ ‘സാറാസി’ൽ ഷാനിബി (29)നെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം. ജാക്‌സൺ, സഹോദരീ ഭർത്താവ് പാറായി ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.
ലഹരിവിൽപ്പന ചോദ്യം ചെയ്‌ത ഷമീറിൻെറ മകൻ ഷബീലിനെ (20) ബുധനാഴ്‌ച ഉച്ചയ്‌ക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത ജാക്‌സൺ മർദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തുക്കളും. അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരി മാഫിയാസംഘം ഇവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടെ, കൈയിൽ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് കുത്തുകയായിരുന്നു. ഖാലിദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. തടയാൻ ശ്രമിച്ച ഷമീർ, ഷാനിബ് എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ചു. പുറത്തും ശരീരമാസകലവും കുത്തും വെട്ടുമേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
പരേതരായ മുഹമ്മദ്- നബീസ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: സീനത്ത്. മക്കൾ: പർവീന, ഫർസീൻ. മരുമകൻ: റമീസ് (പുന്നോൽ). സഹോദരങ്ങൾ: അസ്ലം ഗുരുക്കൾ, സഹദ്, അക്‌ബർ (ഇരുവരും ടെയ്‌ലർ), ഫാബിത, ഷംസീന. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
പരേതരായ ഹംസ – ആയിഷ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഷമീർ. ഭാര്യ: ഷംസീന. മക്കൾ: മുഹമ്മദ് ഷബിൽ, ഫാത്തിമത്തുൽ ഹിബ ഷഹൽ. സഹോദരങ്ങൾ: നൗഷാദ്, റസിയ, ഹയറുന്നീസ.