കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്
കൊല്ലം: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. കൊല്ലം ശൂരനാട് വടക്ക് ചക്കുവള്ളിയിലാണ് സംഭവം. ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് സദനത്തിൽ ബാബു, ചരുവിള തെക്കതിൽ മഞ്ജു സുരേഷ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.

ശൂരനാട് പൊലീസ് ക്വാർട്ടേഴ്സിന് സമീപത്ത് വെച്ചായിരുന്നു ഇരുവരേയും കാട്ടുപന്നി ആക്രമിച്ചത്. അതേസമയം വയനാട് ചുരിമലയിൽ കഴിഞ്ഞ ദിവസം പിടിയിലായ കടുവയെ തൃശൂരിലേക്ക് മാറ്റും. കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച് ചികിത്സ നൽകും. വയനാട്ടിൽ നിന്നും പിടിയിലായതിൽ പുത്തൂരിലേക്ക് മാറ്റുന്ന രണ്ടാമത്തെ കടുവയാണിത്.

