വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ മൊകവൂരിലാണ് സംഭവം. നമ്പോൽ പറമ്പിൽ സതി, എടക്കണ്ടിയിൽ ചന്ദ്രപ്രഭൻ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരഞ്ഞിക്കൽ ഭാഗത്ത് അറക്കാൻ കൊണ്ടുവന്ന പോത്താണ് കയറുപൊട്ടിച്ച് വിരണ്ടോടിയത്. മൊകവൂർ കാമ്പുറത്തുകാവ് ക്ഷേത്രത്തിൽ കയറി വാതിലിൽ കുത്തിയശേഷം അവിടെയുള്ളവരെ ഓടിച്ചു.

വഴിയിൽ ഉണ്ടായിരുന്ന രണ്ട് ബൈക്കുകൾ കുത്തിമറിച്ചിട്ടു. പിന്നീട് നടന്നുവരികയായിരുന്ന ചന്ദ്രപ്രഭനെ പിറകിൽനിന്ന് കുത്തിത്തെറിപ്പിക്കുകയായിരുന്നു. നമ്പോൽ പറമ്പിൽ സതിയെ വീടിനകത്ത് കയറിയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. വീടിനും സാരമായ കേടുപാട് സംഭവിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ സേന സ്റ്റേഷനിൽനിന്ന് ഒരു യൂണിറ്റ് എത്തി. എടക്കണ്ടി കോളനിക്ക് സമീപത്തുവെച്ച് നാട്ടുകാരും ചേർന്ന് പോത്തിനെ പിടികൂടി.

