ബേപ്പൂരിൽ നിന്നും രണ്ട് ആഡംബര ഉരുക്കൾ ഗൾഫിലേക്ക് പുറപ്പെട്ടു

ഫറോക്ക്: ബേപ്പൂരിന്റെ ഉരുപ്പെരുമ വീണ്ടും അറേബ്യയിലെത്തിക്കാൻ രണ്ട് കൂറ്റൻ ആഡംബര ജല നൗകകൾ ഒരുമിച്ച് ഗൾഫിലേക്ക് പുറപ്പെട്ടു. ഉരുനിർമാണത്തിന്റെ ഈറ്റില്ലമായ ബേപ്പൂർ കക്കാടത്ത് ഉരുപ്പണിശാലയിൽ നിർമാണം പൂർത്തിയാക്കി നീറ്റിലിറക്കിയ രണ്ട് ഉരുക്കളും ഖത്തറിലേക്കുള്ളതാണെങ്കിലും ആദ്യം പോകുന്നത് യുഎഇയിലെ ദുബായിലേക്കാണ്. ഇവിടെ സമ്പൂർണമായും കൊട്ടാര സമാനമായി ഇന്റീരിയർ ഡെക്കറേഷൻ നടത്തിയ ശേഷമാകും ഖത്തറിലെ ദോഹ തുറമുഖത്തെത്തുക.

ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് ബേപ്പൂർ തുറമുഖത്തുനിന്ന് കസ്റ്റംസ് എമിഗ്രേഷൻ നടപടി പൂർത്തിയാക്കി യാത്രയാരംഭിച്ചത്. രണ്ട് ഉരുക്കളിലും എട്ടുവീതം ജീവനക്കാരുണ്ട്. ഗുജറാത്ത് സ്വദേശി മുഹമ്മദ് കാസിം, മകൻ സലീം എന്നിവരാണ് രണ്ടിന്റെയും സ്രാങ്കുമാർ. കാലാവസ്ഥ അനുകൂലമെങ്കിൽ ഒമ്പത് ദിവസത്തിനകം ദുബായ് തുറമുഖത്തെത്തും. ബേപ്പൂരിലെ അതിവിദഗ്ധരായ തച്ചന്മാരുടെ മനക്കണക്കും കരവിരുതും ഖലാസികളുടെ കരുത്തും ഇഴചേർത്ത് നിർമിച്ചതാണ് മനോഹരമായ ഭീമൻ ഉരുക്കൾ. ബേപ്പൂരിലെ പ്രശസ്ത തച്ചൻ എടത്തൊടി സത്യന്റെ മേൽനോട്ടത്തിൽ പി ശശിധരന്റ ഉടമസ്ഥതയിലുള്ള “സായൂസ് വുഡ് വർക്സ്’ആണ് നിർമാണം ഏറ്റെടുത്തിരുന്നത്.

ഇവരുടെ കീഴിൽ മുമ്പും ഉരു നിർമിച്ച് ഖത്തറിലേക്ക് അയച്ചിരുന്നു. ഖത്തറിൽ രാജകുടുംബങ്ങൾ, വിവിഐപികൾ ഉൾപ്പെടെയുള്ളവരുടെ ജലസഞ്ചാര വിനോദത്തിനാണ് അത്യാധുനിക ആഡംബര സൗകര്യങ്ങളുള്ള നൗകകൾ പ്രധാനമായും ഉപയോഗിക്കുന്നത്. ദുബായിൽ എത്തിച്ചശേഷം 500 കുതിരശക്തിയുള്ള രണ്ടും മൂന്നും എൻജിനുകൾ ഘടിപ്പിച്ച് കോടികൾ മുടക്കി കൊട്ടാര സമാനമായ സൗകര്യങ്ങളോടെയാകും ഉല്ലാസ നൗകയാക്കിയിറക്കുന്നത്. പിൻഭാഗം തുറന്ന “സാം ബൂക്ക്’ മാതൃകയിലുള്ളതാണ് ഉരു. ഒന്നിന് 140 അടി നീളവും 33 അടി വീതിയുമുണ്ട്. രണ്ടാമത്തേതിന് 150 അടി നീളവും 34 അടി വീതിയുമാണ്. പ്രധാനമായും രണ്ട് തട്ടുകളോടെയും മികച്ച കൊത്തുപണികളോടെയുമാണ് നിർമാണം. പുറംഭാഗം തേക്ക് തടിയിലും മറ്റ് ഭാഗങ്ങൾ വാക, കരിമരുത്, അയനി തുടങ്ങിയ മരങ്ങളാണ് നിർമാണത്തിന് മുഖ്യമായും ഉപയോഗിച്ചിരിക്കുന്നത്.

