KOYILANDY DIARY.COM

The Perfect News Portal

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

.

പത്തനംതിട്ട: ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് താത്കാലിക ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്ക്കല്‍ സുനില്‍ ജി നായര്‍ (51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്.

സന്നിധാനം പൊലീസിന് ഇരുവരെയും കൈമാറി. ജോലി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വിദേശ കറന്‍സികളില്‍ കോട്ടിംഗ് ഉള്ളതിനാല്‍ വായില്‍ ഇട്ടാലും കേടാകില്ല എന്നതാണ് മോഷണത്തിന് ഈ വഴി സ്വീകരിക്കാനുള്ള കാരണം. ഗോപകുമാറില്‍ നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍ നിന്ന് യൂറോ, കനേഡിയന്‍, യുഎഇ കറന്‍സികളുമാണ് കണ്ടെടുത്തത്.

Advertisements

 

ഇവരുടെ മുറികളില്‍ നടത്തിയ പരിശോധനയില്‍ ഗോപകുമാറിന്റെ ബാഗില്‍ നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്റെ രണ്ട് നോട്ടും ഇരുപതിന്റെ നാല് നോട്ടും ഉള്‍പ്പെടെ 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വര്‍ണലോക്കറ്റും കണ്ടെടുത്തു. സുനില്‍ ജി നായരുടെ ബാഗില്‍ നിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറന്‍സികളും അടക്കം 25,000 രൂപ കണ്ടെടുത്തതായി വിജിലന്‍സ് എസ്പി വി സുനില്‍കുമാര്‍ അറിയിച്ചു.

Share news