സമുദ്രത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ സ്വപ്നങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച് രണ്ട് ധീരവനിതകൾ
സമുദ്രത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ സ്വപ്നങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ നാവികസേനയിലെ രണ്ട് ധീരവനിതകൾ. ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ., ലെഫ്റ്റനന്റ് കമാൻഡർ രൂപ എ. എന്നിവരാണ് അതിരുകൾ ഭേദിച്ച് കടലിനെ വെല്ലുവിളിച്ച് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. സ്ത്രീശക്തിയുടെ പുതിയ അർത്ഥതലങ്ങൾ രചിച്ച ഇവരുടെ യാത്ര ലോകമെമ്പാടുമുള്ളവർക്ക് വലിയ പ്രചോദനമാണ് നൽകുന്നത്.

യാത്രയ്ക്കിടെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളെക്കുറിച്ച് ഇരുവരും മനസ്സ് തുറന്നു. ദക്ഷിണ അമേരിക്കയുടെ മുനമ്പിലുള്ള ഡ്രേക്ക് പാസേജിലൂടെ (Drake Passage) കടന്നുപോയപ്പോൾ അടുത്ത സൂര്യോദയം കാണാൻ കഴിയുമോ എന്ന് പോലും തങ്ങൾ ഭയപ്പെട്ടിരുന്നതായി ഇവർ ഓർക്കുന്നു. സാധാരണ കപ്പലുകൾ പോലും കടന്നുപോകാൻ മടിക്കുന്ന അത്രയും പ്രക്ഷുബ്ധമായ കടലിലൂടെയായിരുന്നു ഇവരുടെ സഞ്ചാരം. പല ദിശകളിൽ നിന്ന് ഒരേസമയം ആഞ്ഞടിച്ച അതിശക്തമായ തിരമാലകളും കാറ്റും യാത്രയെ ദുഷ്കരമാക്കി. ബോട്ട് ഒരു വശത്തേക്ക് വല്ലാതെ ചരിയുകയും (Heel) പോർട്ട് ഹോളുകളിലൂടെ വെള്ളം ഉയർന്നുനിൽക്കുന്നത് നേരിട്ട് കാണുകയും ചെയ്ത ഭയാനകമായ സാഹചര്യത്തെക്കുറിച്ച് ഇവർ വിവരിക്കുന്നു.

കുടുംബത്തിന്റെ പിന്തുണയും നെമോ പോയിന്റും തന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒന്നായിരുന്നു ഈ യാത്രയെന്നും തിരിച്ചെത്തിയപ്പോൾ വലിയ അഭിമാനമാണ് തോന്നുന്നതെന്നും ദിൽന പറഞ്ഞു. നെമോ പോയിന്റിലേക്കുള്ള (Nemo Point) യാത്ര ഏറെ പ്രത്യേകതയുള്ളതായിരുന്നു. തുടക്കത്തിൽ ഇരുവരുടെയും വീട്ടുകാർക്ക് ഈ ദൗത്യത്തിൽ വലിയ ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് അവർ നൽകിയ പൂർണ്ണ പിന്തുണയാണ് കരുത്തായതെന്ന് ദിൽനയും രൂപയും സാക്ഷ്യപ്പെടുത്തുന്നു.

സ്വപ്നങ്ങൾക്ക് ലിംഗഭേദമില്ല ഒരു കാര്യം ചെയ്യാൻ ഇറങ്ങിത്തിരിക്കുമ്പോൾ നൂറു ശതമാനം വിജയിക്കുമോ എന്നതിനേക്കാൾ, അത് നേരിടാൻ നിങ്ങൾ തയ്യാറാണോ എന്നതാണ് പ്രധാനമെന്ന് രൂപ പറയുന്നു. “സ്വപ്നങ്ങൾക്ക് ലിംഗഭേദമില്ല, അതിരുകൾ നമ്മുടെ മനസ്സിലാണ്. ധൈര്യമുണ്ടെങ്കിൽ ആകാശവും കടലും പോലും നമുക്ക് മുന്നിൽ ചെറുതാണ്” എന്ന വലിയ സന്ദേശമാണ് ഈ ധീരവനിതകൾ ലോകത്തിന് നൽകുന്നത്. ഓരോ യാത്രയ്ക്കും ഒരു അവസാനമുണ്ടാകുമെങ്കിലും ദിൽനയുടെയും രൂപയുടെയും കഥ ചരിത്രത്തോടൊപ്പം ജനഹൃദയങ്ങളിലും നിലനിൽക്കും.




