86.58 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേർ പിടിയിൽ
.
തോല്‍പ്പെട്ടി: എക്‌സൈസ് പരിശോധനയില്‍ 86.58 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബംഗളൂരു–കോഴിക്കോട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരായ സാന്‍കേത് തുക്കാറാം നിഗം (24), ഉമേഷ് പട്ടേല്‍ (25) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയിലാണ് പണം കണ്ടെടുത്തത്.

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബൈജു, പ്രിവന്റീവ് ഓഫീസര്‍ അരുണ്‍ പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് കെ തോമസ്, ബി സുദിപ്, സിവില്‍ എക്‌സെസ് ഓഫീസര്‍ ഷിംജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടികൂടിയത്. തുക തുടര്‍നടപടിക്കായി ആദായ നികുതി വകുപ്പിന് കൈമാറും. ഈ മാസം ആദ്യവാരം മീനങ്ങാടിയില്‍ നടത്തിയ വാഹന പരിശോധനയിൽ രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 1.36 കോടി രൂപ എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു.




