മലപ്പുറത്ത് വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
.
മലപ്പുറം: മലപ്പുറത്ത് വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ട് പേർ എക്സൈസ് പിടിയിൽ. പെരുവള്ളൂർ കുന്നത്ത്പറമ്പിൽനിന്നും താനൂർ കാട്ടിലങ്ങാടി ചെവിടിക്കുന്നൻ ജബീർ (36), പെരുവള്ളൂർ കുമണ്ണ ചെനക്കൽ കുവുങ്ങും തോട്ടത്തിൽ മുഹമ്മദ് (42) എന്നിവരെയാണ് 20 ഗ്രാം എംഡിഎംഎയുമായി തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

പിടിയിലായവർ മുൻപും മയക്ക് മരുന്ന് കേസിൽ ഉൾപ്പെട്ടവരാണ്. പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പെരുവള്ളൂർ ഭാഗത്ത് വൻതോതിൽ രാസലഹരി എത്തിയതായുള്ള രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. മയക്ക് മരുന്ന് വിതരണത്തിനായി ഉപയോഗിച്ച ബുള്ളറ്റ് ബൈക്കും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

പെരുവള്ളൂരിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് തേഞ്ഞിപ്പാലം പോലിസ് നടത്തിയ പരിശോധനയിൽ 239.14 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. കോൺഗ്രസ് പെരുവളളൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന കാടപ്പടി തോട്ടിൽ വീട്ടിൽ മുഹമ്മദ് ശരീഫിനെയടക്കം നാല് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസം ബംഗ്ലൂരിലെത്തി രണ്ട് പേരെ കൂടി പൊലീസ് പിടികൂടി. തൊട്ടുപുറകേയാണ് എക്സൈസും മയക്കുമരുന്ന് പിടികൂടിയിരിക്കുന്നത്.

എക്സെസ് ഇൻസ്പെക്ടർക്ക് പുറമെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അരവിന്ദൻ, മിനുരാജ്, പ്രിവൻ്റീവ് ഓഫീസർമാരായ രജീഷ്, ദിലീപ് കുമാർ, ശിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർ ദിദിൻ എന്നിവർ മയക്കുമരുന്ന് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.



