പന്ത്രണ്ടുകാരന് ക്രൂര മർദനം; കൊച്ചിയിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ
.
കൊച്ചിയിൽ 12 കാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് മർദ്ദനത്തിന് കാരണം. കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും, ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തു. സംഭവത്തിൽ എളമക്കര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കിടപ്പുമുറിയിൽ നിന്ന് മാറാത്തതിന്റെ പേരിൽ 12 വയസുകാരനെ ദേഹോപദ്രവം ഏൽപ്പിച്ചതിലാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയായ 37കാരിയും സ്വകാര്യ യുട്യൂബ് ചാനൽ ജീവനക്കാരനായ സുഹൃത്ത് തിരുവനന്തപുരം വാമനപുരം സ്വദേശി സിദ്ധാർത്ഥ് രാജീവും എളമക്കര പൊലീസിന്റെ പിടിയിലായത്.

ഭർത്താവുമായി 2021ൽ ബന്ധം വേർപിരിഞ്ഞ യുവതിയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകനും എളമക്കര പൊറ്റക്കുഴിക്ക് സമീപത്തെ ഫ്ലാറ്റിലാണ് താമസം. കഴിഞ്ഞ 12ന് രാത്രി ഇവർക്കൊപ്പം കിടന്ന കുട്ടിയോട് മറ്റൊരു മുറിയിൽ പോയി കിടക്കാൻ ഇരുവരും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് വഴങ്ങാതിരുന്നപ്പോഴാണ് പുലർച്ചെ 3.30ഓടെ അമ്മയും ആണ് സുഹൃത്തും ചേർന്ന് ഉപദ്രവിച്ചത്.

വിവരമറിഞ്ഞ് കുട്ടിയുടെ പിതാവാണ് എറണാകുളം നോർത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അമ്മയെയും യുവാവിനെയും ഇന്നലെ വൈകിട്ട് കലൂരിൽ നിന്നു കസ്റ്റഡിയിലെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ടും ബി.എൻ.എസ് ആക്ടും ചുമത്തി. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടി നിലവിൽ പിതാവിന്റെ സംരക്ഷണത്തിലാണ്.




