ഓസ്‌ട്രിയയെ തകർത്ത് തുർക്കി യൂറോ കപ്പ് ക്വാർട്ടറിൽ

ലെയ്‌പ്‌സിഗ്: തുർക്കിയുടെ യുവനിര ഗർജിക്കുന്നു. ഓസ്‌ട്രിയയെ തകർത്ത് തുർക്കി യൂറോ കപ്പ് ക്വാർട്ടറിൽ.. യൂറോ കപ്പിൽ അത്ഭുത കുതിപ്പ് നടത്തിയ ഓസ്‌ട്രിയയെ 2-1ന് തോൽപ്പിച്ചാണ് തുർക്കി ക്വാർട്ടറിലേക്ക് മുന്നേറിയത്. നെതർലൻഡ്‌സാണ് ക്വാർട്ടറിലെ എതിരാളി. ശനിയാഴ്‌ചയാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്‌സിനെ തകർത്തെത്തിയ ഓസ്‌ട്രിയക്ക് കളിയുടെ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചടി കിട്ടി. അർദ ഗുലെറുടെ കോർണർ കിക്ക് ഓസ്‌ട്രിയൻ ഗോൾമുഖത്ത് അപകടം വിതച്ചു.

ഓസ്‌ട്രിയൻ ഗോൾ കീപ്പർ പാട്രിക് പെന്റ്‌സിനും പ്രതിരോധത്തിനും പന്ത് അടിച്ചൊഴിവാക്കാനായില്ല. തുർക്കി സെന്റർ ബാക്ക് മെറിഹ് ഡെമിറൽ പന്ത് വലയിൽ അടിച്ചുകയറ്റി. രണ്ടാംപകുതിയിൽ രണ്ടാംഗോളിലൂടെ ഡെമിറൽ തുർക്കിയെ നയിച്ചു. ഏഴ് മിനിറ്റിനുള്ളിൽ മിച്ചേൽ ഗ്രിഗോറിറ്റ്‌സ് ഓസ്‌ട്രിയക്കായി ഒരെണ്ണം തിരിച്ചടിച്ചു. അവസാന മിനിറ്റിൽ ക്രിസ്‌റ്റഫ് ബൗംഗാർട്‌നെറുടെ കരുത്തുറ്റ ഹെഡ്ഡർ തുർക്കി ഗോൾ കീപ്പർ മെർട്ട് ഗുനോക്ക് തട്ടിയകറ്റുകയായിരുന്നു..

