കട്ടപ്പനയിൽനിന്ന് തേനിയിലേക്ക് തുരങ്കപാത; സാധ്യതാ പഠനത്തിന് തുക വകയിരുത്തി
.
തിരുവനന്തപുരം: മലയോര മേഖലയിലെ റോഡ് ഗതാഗതരംഗത്ത് പുതിയ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ഇടുക്കി ജില്ലയിലെ കട്ടപ്പന മുതൽ തമിഴ്നാട്ടിലെ തേനിവരെ തുരങ്കപാത നിർമിക്കുന്നതാണ് പദ്ധതി. തുരങ്കപാത വരുന്നതോടെ 20 കിലോമീറ്റർ യാത്രാദൂരം ലാഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. മലയോര മേഖലയിലെ യാത്രാക്ലേശത്തിന് തുരങ്കപാത പരിഹാരമാകുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

പൊതുമാരമത്ത് വകുപ്പിന്റെ റോഡുകൾക്കും പാലങ്ങൾക്കുമായി 1182.43 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ റോഡുകളും പാലങ്ങളും വിഭാഗത്തിനുള്ള വിഹിതം 1091.15 കോടി രൂപയും ദേശീയപാതാ വിഭാഗത്തിനുള്ള വിഹിതം 91.28 കോടി രൂപയുമാണ്. പ്രധാന ജില്ലാ റോഡുകളെ മികവുറ്റ നിലവാരത്തിലേക്ക് എത്തിക്കുന്നതിനായി 300.50 കോടി രൂപ അനുവദിച്ചു. നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപണികൾക്കുമായി 165 കോടി രൂപയും വകയിരുത്തി.




