KOYILANDY DIARY.COM

The Perfect News Portal

മണ്ഡല മകരവിളക്ക് ദിവസങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി തിരുവിതാംകൂർ ​ദേവസ്വം ബോർഡും സർക്കാരും

ശബരിമല: ശബരിമലയിൽ മണ്ഡല മകരവിളക്ക് ദിവസങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി തിരുവിതാംകൂർ ​ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും. ഈ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും. മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ ഡിസംബർ 25 ന് 54,000, 26ന് 60,000 ഭക്തർക്കും മാത്രമാണ് ദർശനം. മകരവിളക്കുമായി ബന്ധപ്പെട്ട് ജനുവരി 12 ന് 60,000, 13 ന് 50,000 14 ന് 40,000 എന്നിങ്ങനെ ആണ് നിയന്ത്രണം തീരുമാനിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ സ്‌പോട്ട് ബുക്കിങ് ഒഴിവാക്കിയേക്കും. ഹൈക്കോടതിയുടെ അഭിപ്രായം അറിഞ്ഞശേഷമായിരിക്കും തീരുമാനം.

ശബരിമലയിൽ ഈ സീസണിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നവംബർ 15ന് നട തുറന്ന ശേഷം ഇന്നലെയായിരുന്നു ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്. 96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്. മണ്ഡല പൂജ, മകരവിളക്ക് ദിവസങ്ങളിൽ‌ തിരക്കു വർധിക്കാനുള്ള സാഹചര്യം പരി​ഗണിച്ചാണ്  നിയന്ത്രണം. മണ്ഡലപൂജയ്‌ക്കായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വംബോർഡ് അറിയിച്ചിട്ടുണ്ട്. തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെടും.

 

25ന് ഉച്ചയ്ക്ക് നടയടച്ചാൽ വൈകിട്ട് അഞ്ചുവരെ തീർഥാടകരെ പമ്പയിൽനിന്ന് കയറ്റിവിടില്ല. പകൽ 1.30ന് തങ്ക അങ്കി പമ്പയിലെത്തും. 3.30 വരെ പമ്പയിലെ തങ്ക അങ്കി ദർശനത്തിനുശേഷം ഘോഷയാത്ര പുറപ്പെട്ട് 6.15ന് സന്നിധാനത്തെത്തും. 6.30 വരെ തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. അതിനുശേഷമേ തീർഥാടകരെ പതിനെട്ടാംപടി കയറ്റിവിടുകയുള്ളൂ. 26ന് പകൽ 12 മുതൽ 12.30 വരെയാണ് മണ്ഡലപൂജ. അന്നുരാത്രി 11ന് ഹരിവരാസനം കഴിഞ്ഞ് നടയടച്ച് 30ന് വൈകിട്ട് നാലിന് തുറക്കും.

Advertisements
Share news