കോഴിക്കോട് റെയിൽവെ ട്രാക്കിൽ മരം വീണു; ട്രെയിൻ ഗതാഗതം മുടങ്ങി

കോഴിക്കോട്: ശക്തമായ കാറ്റിൽ റെയിൽ പാളത്തിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം വീണ്ടും മുടങ്ങി. കോഴിക്കോട് ബേപ്പൂർ മാത്തോട്ടത്ത് പാളത്തിലേക്ക് മരം വീണതോടെ ഇലക്ടിക് ലൈൻ പൊട്ടുകയായിരുന്നു. ഇതോടെ കോഴിക്കോട് ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഇന്നലെ രാത്രിയും ഇതേ സ്ഥലത്ത് ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകിയിരുന്നു.

തിങ്കളാഴ്ച കോഴിക്കോടും ആലുവയിലും റെയിൽവെ ട്രാക്കിൽ മരം വീണതോടെ ഗതാഗതം തടസ്സപ്പെട്ടത് ആറു മണിക്കൂറോളം ട്രെയിനുകൾ വൈകിയോടുകയാണ്. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, വെരാവൽ എക്‌സപ്രസ്, എറണാകുളം- പുനെ പൂർണ എക്‌സ്പ്രസ്, തിരുവനന്തപുരം മംഗളൂരു മലബാർ എക്‌സ്പ്രസ്, തിരുവനന്തപുരം നിലമ്പൂർ റോഡ് രാജറാണി എക്‌സ്പ്രസ്, ഗുരുവായൂർ തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവയാണ് നിലവിൽ വൈകിയോടുന്നത്. ഇതിന് പിന്നാലെയാണ് പുതിയ അപകടം.

തിങ്കളാഴ്ച രാത്രി കല്ലായിക്കും ഫറോക്കിനും ഇടയിൽ ബേപ്പൂർ മാത്തോട്ടത്ത് 659\7 ലൈനിലെ വീടിന്റെ മേൽക്കൂരയും മരവുമാണ് റെയിൽവേ ട്രാക്കിൽ പതിച്ചത്. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കനത്ത ചുഴലിക്കാറ്റിൽ റെയിൽപാതയ്ക്ക് നൂറുമീറ്ററോളം അകലെയുള്ള ഒരു വീടിന്റെ മേൽക്കൂര പാളത്തിലെ വൈദ്യുതി ലൈനിൽ പതിക്കുകയായിരുന്നു. ഇതോടൊപ്പമാണ് സമീപത്തെ വീട്ടുവളപ്പിലെ മാവും പാളത്തിൽ വീണത്. രണ്ടു പാളത്തിലായി വീണതിനാൽ ഇരുപാതകളിലും ഗതാഗതം തടസ്സപ്പെട്ടു.

ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുമ്പായതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവം നടന്ന് അൽപ സമയത്തിനികം ഷൊർണൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുവന്ന ട്രെയിൻ കുറച്ചകലെയും എതിർ ദിശയിൽ നിന്നെത്തിയിരുന്ന വണ്ടി കല്ലായിയിലും പിടിച്ചിട്ടു. ബേപ്പൂർ പൊലീസും മീഞ്ചന്ത ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. റെയിൽവെ ഡിസാസ്‌റ്റർ മാനേജ്‌മെന്റ് ജീവനക്കാർ എത്തിയാണ് തടസ്സം പൂർണമായും നീക്കിയത്. ആലുവ ചൂർണിക്കര അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കിനുമുകളിലേക്കാണ് കൂറ്റൻ ആൽമരം വീണത്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അമ്പാട്ടുകാവ് ചുമട്ടുതൊഴിലാളി യൂണിയൻ ഓഫീസിനുപിന്നിലെ മരം മറിഞ്ഞത്. റെയിൽവേ ട്രാക്കിലെ രണ്ട് വൈദ്യുതിലൈനുകൾ പൊട്ടി.

