പന്തലായനിയിലെ യാത്രാ പ്രശ്നം.. കലക്ടറുടെ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രദേശവാസികൾ

കൊയിലാണ്ടി: പന്തലായനിയിലെ യാത്രാ പ്രശ്നം.. കലക്ടറുടെ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രദേശവാസികൾ. നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തോടെ യാത്രാ മാർഗ്ഗം അടഞ്ഞ് പ്രതിസന്ധി നേരിടുന്ന പന്തലായനി കാട്ടുവയൽ പ്രദേശത്തെ പ്രശ്നം പരിഹരിക്കുന്നതിനായാണ് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നേരിട്ട് സ്ഥലം സന്ദർശിക്കാനെത്തിയത്

കാട്ടുവയൽ റോഡിൽ ബോക്സ് കൾവെർട്ട് സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ പ്രധാനപ്പെട്ട ആവശ്യം. ആയിരക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആവശ്യം നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, ദേശീയപാതാ അതോറിറ്റിയുമായി വിഷയം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ധേഹം പറഞ്ഞു.

കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, ആർ.ഡി.ഒ. അൻവർ സാദത്ത്, തഹസിൽദാർ അലി, നഗരസഭാ കൗൺസിലറും ഗതാഗത സംരക്ഷണ സമിതി ചെയർമാനുമായ പി. പ്രജിഷ, പന്തലായനി വില്ലേജ് ഓഫീസർ ദിനേശൻ, എൻ.എച്ച്.എ.ഐ അധികൃതർ, കർമ്മസമിതി ജനറൽ കൺവീനർ പി. ചന്ദ്രശേഖരൻ, പന്തലായിനി ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാനാധ്യാപിക സഫിയ ടീച്ചർ, പി.ടി.എ പ്രസിഡണ്ട് പി.എം. ബിജു എന്നിവർ കലക്‌ടറുമായി സംസാരിച്ചു. ജില്ലാ കലക്ടർ വരുന്നതറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
