KOYILANDY DIARY.COM

The Perfect News Portal

വളപട്ടണം പാലത്തിൽ ട്രെയിൻ നിന്നു; സാഹസികമായി തകരാർ പരിഹരിച്ച് ടിടിആർ

പാലക്കാട്: യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെത്തുടർന്ന് കണ്ണൂർ വളപട്ടണം പുഴയുടെ പാലത്തിനു മുകളിൽ നിന്ന ട്രെയിനിലെ യാത്രക്കാർക്ക് രക്ഷകനായി പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകൻ എം പി രമേഷ്. തിരുവനന്തപുരം നോർത്ത് – മംഗളൂരു ഓണം സ്പെഷൽ (06042) ട്രെയിനാണ് യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെ തുടർന്ന് കണ്ണൂർ വളപട്ടണം പുഴയുടെ പാലത്തിൽ നിന്ന് പോയത്. കഴിഞ്ഞ ദിവസം പുലർച്ചെ 3.45നാണ് സംഭവം.

എസ്– വൺ കോച്ചിൽ നിന്ന് കണ്ണൂരിൽ ഇറങ്ങാൻ വിട്ടുപോയ യാത്രക്കാരനാണ് ചങ്ങല വലിച്ചത്. ട്രെയിൻ അപ്പോഴേക്കും വളപട്ടണം എത്തിയിരുന്നതിനാൽ ട്രെയിൻ പാലത്തിനു മുകളിൽ നിന്നു. പാലത്തിനു മുകളിൽ ആയതിനാൽ ട്രെയിൻ വീണ്ടും ഓടാൻ പ്രഷർ വാൽവ് പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഗാർഡിനും ലോക്കോ പൈലറ്റിനും എത്തിപ്പെടാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. അതിനിടെ രണ്ടും കൽപിച്ചു കോച്ചുകൾക്കിടയിലെ വെസ്റ്റിബൂൾ വഴി രമേഷ് കോച്ചിനടിയിൽ ഇറങ്ങുകയായിരുന്നു. ഇരുട്ടത്ത് കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ മാത്രമായിരുന്നു രമേഷിൻ്റെ ആശ്രയം.

തുടർന്നു ടോർച്ചുമായി എത്തിയ ലോക്കോ പൈലറ്റും ഗാർഡും വേണ്ട നിർദേശങ്ങൾ നൽകി. ശ്രമകരമായി രമേഷ് പ്രഷർ വാൽവ് പൂർവസ്ഥിതിയിൽ എത്തിച്ചു. എട്ട് മിനിറ്റിനു ശേഷം ട്രെയിൻ യാത്ര തുടർന്നു. പാലത്തിനു മുകളിൽ‍ കൂടുതൽ നേരം ട്രെയിൻ നിൽക്കുന്നത് പാലത്തിന് അമിതഭാരമായി അപകടത്തിനിടയാക്കും. ഈ സാഹചര്യമാണ് അദ്ദേഹം ശ്രമകരമായി ഒഴിവാക്കിയത്.

Advertisements

 

പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലെ മംഗളൂരു സ്ലീപ്പർ ഡിപ്പോയിലെ ട്രാവലിങ് ടിക്കറ്റ് ഇൻസ്‌പെക്ടർ ആയ എം പി രമേഷ് (39) ആണ് വലിയ അപകടം ഒഴിവാക്കിയത്. തന്റെ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ദുഷ്കരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തിയ രമേഷിനെ ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ്‌ ഓർഗനൈസേഷൻ പാലക്കാട്‌ ഡിവിഷൻ കമ്മിറ്റി പ്രസിഡണ്ട് കെ ആർ ലക്ഷ്മി നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ അഭിനന്ദിച്ചു. ചങ്ങല വലിച്ച യുവാവിനെതിരെ നടപടിക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.

Share news