താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർവസ്ഥിതിയിൽ; നിയന്ത്രണം മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രം

താമരശ്ശേരി ചുരത്തിൽ ഇന്നലെ രാത്രി മുതൽ ഗതാഗതം പൂർവസ്ഥിതിയിലായി. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ നിയന്ത്രണമുള്ളത്. നാലുദിവസം മുമ്പാണ് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം നിയന്ത്രിച്ചത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഗാബിയോൺ വേലി സ്ഥാപിക്കും. കൂടുതൽ വിദഗ്ധ പരിശോധനകളും ഉണ്ടാകും.

വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്ക്കുന്നില്ല. എന്നാല്‍, മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. റോഡിനു മുകളിലായുള്ള പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തും.
ഇതിനായി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സിവില്‍ എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. പാറയുടെ ഡ്രോണ്‍ പടങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും തീരുമാനിച്ചു.

