മൺട്രോ തുരുത്തിലേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക്

കൊല്ലം: മൺട്രോ തുരുത്തിലേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക്. കഴിഞ്ഞ അവധികാലത്ത് മാത്രം ഒരു ലക്ഷത്തിലേറെ വിനോദ സഞ്ചാരികൾ മൺട്രോ തുരുത്തിന്റെ സൗന്ദര്യം ആസ്വദിച്ചു. പശ്ചിമഘട്ടത്തിലെ ഔഷധ സസ്യങ്ങളാൽ സമ്പന്നമായ കല്ലടയാറിനാലും, അഷ്ടമുടി കായലിനാലും ചുറ്റപ്പെട്ട മൺട്രോ തുരുത്ത് സമുദ്ര നിരപ്പിനും താഴയാണ്.

ഒരു കാലത്ത് ജില്ലയുടെ നാളികേര കലവറ, കൃഷി, മത്സ്യഗ്രാമം മണൽ വാരൽ അങ്ങനെ തൊഴിലവസരങ്ങളും ആളോഹരി വരുമാനവും കൊണ്ട് സമ്പന്നമായിരുന്ന മൺട്രോ തുരുത്ത് കാലാവസ്ഥ വ്യതിയാനങ്ങളിൽപ്പെട്ട് തകർന്നു.

പക്ഷെ വിനോദ സഞ്ചാരികളെ മാടി വിളിക്കുന്ന കായൽ – കണ്ടൽ സൗന്ദര്യം മൺട്രോ തുരുത്തുകാർക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ അവസരം ഒരുക്കുകയായിരുന്നു. വിദേശി – സ്വദേശി ടൂറിസ്റ്റുകൾക്ക് അവരുടെ സ്വർഗ്ഗ ഭൂമിയായി മൺട്രോ തുരുത്ത് മാറി. അവധിക്കാലം ചാകരയായിരുന്നു എന്ന് ബോട്ടുടമകൾ പറയുന്നു.

അതേസമയം കായൽ മത്സ്യത്തിന്റെ, പ്രത്യേകിച്ച് കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായ കരിമീന്റെ ഖനി കൂടിയാണ് മൺട്രോ തുരുത്ത്. സീസണിൽ റിസോർട്ടുകളും ഹോംസ്റ്റേകളും ഹൗസ്ഫുള്ളായിരുന്നു. കേരളത്തിലെ ബാക്ക് വാട്ടർ ടൂറിസത്തിന്റെ ഗേറ്റ് വേ ആയ അഷ്ടമുടി കായൽ ഇനിയും ഫല പ്രദമായി വിനിയോഗിക്കാത്ത നിലവറയാണ്.

