തൊട്ടിയാർ ചെറുകിട ജലവൈദ്യുത നിലയം ഉൽപ്പാദന ട്രയൽറൺ വിജയകരം

ഇടുക്കി: തൊട്ടിയാർ ചെറുകിട ജലവൈദ്യുത നിലയം ഉൽപ്പാദന ട്രയൽറൺ വിജയകരം. ആകെ 40 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി പദ്ധതിയുടെ 10 മെഗാവാട്ടിന്റെ പരീക്ഷണമാണ് വിജയകരമായത്. രണ്ടര മെഗാവാട്ട്‌വീതം നിശ്‌ചിത സമയങ്ങളിൽ പ്രവർത്തിപ്പിച്ചു. ഒരു മെഷീനാണ് കഴിഞ്ഞദിവസം പ്രവർത്തിപ്പിച്ചത്. പരിശോധനയിൽ മെഷീനുകളല്ലാം പ്രവർത്തനക്ഷമമാണ്. പിന്നാലെ 30 മെഗാവാട്ട് ജനറേറ്ററും പ്രവർത്തനസജ്ജമാക്കി ആഗസ്‌ത് മധ്യത്തോടെ തൊട്ടിയാർ പദ്ധതി കമീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

യുഡിഎഫ് സർക്കാർ സ്‌തംഭിപ്പിച്ച പദ്ധതിയാണിത്. ദേവിയാർ പുഴയ്ക്ക് കുറുകെ വാളറയിലാണ് 222 മീറ്റർ നീളത്തിലും ഏഴര മീറ്റർ ഉയരത്തിലും തടയണ നിർമിച്ചത്. പെരിയാർ തീരത്ത് നീണ്ടപാറയിൽ നിർമിച്ച നിലയത്തിലേക്ക് ഈ തടയണയിൽനിന്ന് വെള്ളമെത്തിച്ചാണ് വൈദ്യുതി ഉൽപ്പാദനം. 199 മീറ്റർ നീളത്തിൽ ടണലും 1,250 മീറ്റർ ദൂരത്തിൽ പെൻസ്റ്റോക്കും സ്ഥാപിച്ചിട്ടുണ്ട്. 2.05 മീറ്ററാണ് പെൻസ്റ്റോക്കിന്റെ വ്യാസം. വെള്ളം വൈദ്യുതിനിലയത്തിലെത്തിച്ച് ടർബൈൻ ഷാഫ്‌ട് പ്രവർത്തിപ്പിച്ചാണ് ഉൽപാദനം.

2009 ലെ എൽഡിഎഫ് സർക്കാരാണ് തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് തുടക്കമിട്ടത്. അന്ന് 207 കോടിയ്ക്കാണ് ടെൻഡർ പൂർത്തിയായത്. പിന്നീടുവന്ന യുഡിഎഫ് സർക്കാരിന് നിർമാണം മുന്നോട്ടു കൊണ്ടുപോകാനായില്ല. പിന്നീട് എൽഡിഎഫ് അധികാരമേറിയപ്പോൾ വൈദ്യുതി മന്ത്രിയായിരുന്ന എം എം മണി ഇടപെട്ടു. വീണ്ടും 2018ൽ എസ്റ്റിമേറ്റ് പുതുക്കി 280 കോടിക്ക് ടെൻഡർ പൂർത്തിയാക്കി.

അതോടെ നിർമാണം വേഗത്തിലായി. ആദ്യം നൽകിയ കരാർ റദ്ദാക്കിയതും പുതിയത് കണ്ടത്തേണ്ടിവന്നതും കോവിഡ് മഹാമാരിയുമെല്ലാം നിർമാണപ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. ഇവയെല്ലാം അതിജിവിച്ചാണ് പദ്ധതി കമീഷൻ ചെയ്യുന്നത്. തൊട്ടിയാർ മുതൽ പത്താംമൈലിന് സമീപം വരെയുള്ള പുഴയുടെ ഇരുകരകളിലുമായി 10 ഹെക്ടറോളം ഭൂമിയാണ് പദ്ധതിക്കായി വൈദ്യുതിവകുപ്പ് ഏറ്റെടുത്തത്.

