KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവിൽ ഇന്ന് വലിയവിളക്ക്, നാളെ കാളിയാട്ടം

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് വലിയവിളക്ക്, നാളെ കാളിയാട്ടം. താലൂക്കിലെ വിവിധ ഭാഗങ്ങളിൽനിന്നായി പിഷാരികാവിലേക്ക് എത്തിച്ചേരുന്ന ആഘോഷ വരവുകൾ സംഗമിക്കുമ്പോൾ കാവും പരിസരവും ജനനിബിഡവും ഭക്തിസാന്ദ്രവുമാകുന്ന അത്യപൂർവ്വമായ കാഴ്ചയാണ് ഇന്ന് കൊല്ലവും കൊയിലാണ്ടിയും സാക്ഷ്യവഹിക്കുക.  ഏപ്രില്‍ രണ്ടിന് വലിയ വിളക്ക് രാവിലത്തെ കാഴ്ച ശീവേലിക്ക് കലാനിലയം ഉദയം നമ്പൂതിരി നേതൃത്വം നല്‍കും, തുടര്‍ന്ന് മന്ദമംഗലത്തു നിന്നുള്ള ഇളനീര്‍ കുലവരവും വസൂരി മാല വരവും ക്ഷേത്രത്തില്‍ എത്തും. വൈകിട്ട് മൂന്നുമണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര്‍ കുല വരവുകള്‍, തണ്ടാന്റെ അരങ്ങോല വരവ് കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്, കൊല്ലന്റെ തിരുവായുധ വരവും മറ്റ് അവകാശ വരവുകളും ക്ഷേത്രാങ്കണത്തില്‍ എത്തും. വൈകിട്ട് കാഴ്ച ശീവേലി, ഡോ. ശുകപുരം ദിലീപ് നേതൃത്വം നല്‍കും.
.
.
രാത്രി 11 മണിക്ക് ശേഷം ഭഗവതിയുടെ  പുറത്തെഴുന്നള്ളിപ്പ്. സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയപിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം എഴുന്നള്ളിക്കും. ഒന്നാം പന്തി മേളം പ്രമാണം ഡോ. ശുകപുരം ദിലീപും രണ്ടാം പന്തിമേള പ്രമാണം കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരുമാണ്  വാദ്യ കലാകാരന്മാരായ കല്ലൂര്‍ ജയന്‍, ശിവപുരം രഞ്ജിത്ത്, പനമണ്ണ മനോഹരന്‍, വിനയന്‍ കൊയിലാണ്ടി, കല്ലുവഴി പ്രകാശന്‍, കലാമണ്ഡലം രതീഷ്, മാരായമംഗലം രാജീവ്, ശ്രീകൃഷ്ണപുരം വിജയന്‍, നിഖില്‍ കൊളപ്പുറത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന മേളത്തില്‍ 150  കലാകാരന്മാര്‍ അണിനിരക്കും.
.
.
കാളിയാട്ടം
ഏപ്രില്‍ മൂന്നിന് കളിയാട്ടം. രാവിലെ ദേവസംങ്കീര്‍ത്തനം ഭജന്‍സ് ,വൈകീട്ട് കൊല്ലത്ത് അരയന്റെയും വെട്ടുവരുടെയും, തണ്ടാന്റെയും വരവുകള്‍, മറ്റ് അവകാശ വരവുകളും ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പുറത്തെഴുന്നള്ളിപ്പ്. സ്വര്‍ണം കെട്ടിയ പിടിയാന പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം പുറത്തെഴുന്നള്ളിക്കും. പാലച്ചുവട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം നീലേശ്വരം പ്രവീണ്‍ പിഷാരടിയുടെ നേതൃത്വത്തില്‍ മേളം. തുടര്‍ന്ന് ഊരു ചുറ്റലിനു ശേഷം വാളകം കൂടും.ഇതോടെ കാളിയാട്ട മഹോത്സവം സമാപിക്കും.
Share news