KOYILANDY DIARY.COM

The Perfect News Portal

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കും ദിലീപിനും ഇന്ന് നിര്‍ണായകം

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കും ദിലീപിനും ഇന്ന് നിര്‍ണായകം. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. 

കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധിയുണ്ടാകുക. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് വിധി പറയുക.

 

 

മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ഉള്‍പ്പെടെ ഹര്‍ജിയിലൂടെ അതിജീവിത ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവരുമോ എന്ന ആശങ്ക തനിക്കുണ്ടെന്നും അതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹര്‍ജി തള്ളണമെന്നുമായിരുന്നു ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

Advertisements
Share news