വനം നിയമങ്ങളിൽ കാലോചിതമായ മാറ്റം അനിവാര്യം: മന്ത്രി എ കെ ശശീന്ദ്രൻ

വനം നിയമങ്ങളിൽ കാലോചിതമായ മാറ്റം അനിവാര്യമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. അതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപകടകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്. എന്നാൽ നടപടിക്ക് കാലതാമസം നേരിടുന്നു. പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ അധികാരമുപയോഗിച്ച് പ്രശ്നത്തെ അഭിമുഖീകരിക്കാൻ അധികാരം നൽകണമെന്നാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. കേന്ദ്ര നിയമത്തിലെ ഇളവുകൾ അനുസരിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അധികാരം വേണമെന്നാണ് കരട് രേഖയിൽ പറയുന്നത്. വനവും വന്യജീവികളെയും സംരക്ഷിക്കണമെന്ന നിലപാടിലുറച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല. മന്ത്രിസഭ അംഗീകരിച്ച കരട് ബിൽ നിയമസഭ പാസ്സാക്കിയാൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

