KOYILANDY DIARY

The Perfect News Portal

വയനാട്ടിൽ ജനവാസ മേഖലയില്‍ കടുവ ഇറങ്ങി. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

വയനാട്ടിൽ ജനവാസ മേഖലയില്‍ കടുവയുടെ ആക്രമണം. ഒരാൾക്ക് ഗുരുതര പരിക്ക്. പ്രദേശത്ത് ജാഗ്രതാനിര്‍ദേശം. മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് സ്‌റ്റേഷന്‍ പരിധിയിലുള്ള പുതുശ്ശേരി വെള്ളാരംകുന്ന് ഭാഗത്താണ് കടുവ ഇറങ്ങിയത്. പ്രദേശവാസിയായ തോമസ് എന്നയാൾക്കാണ് കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലയോടെയാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകളാണ് കടുവയെ ആദ്യമായി കണ്ടത്. ഇവർ വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കടുവ തോമസിനെ ആക്രമിച്ചത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൂടാതെ ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കടുവയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. സമീപ പ്രദേശത്തൊന്നും വനം ഇല്ലാത്തതിനാല്‍ കടുവ ഇവിടെയെത്തിയതിനെ കുറിച്ച് നാട്ടുകാർ ആശങ്കയിലാണ്. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisements