മലപ്പുറത്ത് കടലിൽ കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി
തിരൂർ: മലപ്പുറം കൂട്ടായി അഴിമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. പടിഞ്ഞാറെക്കര സ്വദേശികളായ ഹംസ പോക്കരകത്ത്, ഹുസൈൻ പോക്കരകത്ത്, ആരിഫ് പോക്കരകത്ത് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

തിങ്കളാഴ്ച പുലർച്ചെയാണ് ഹംസയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ മൽസ്യബന്ധനത്തിന് പോയത്. ഇതിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മൂവരേയും കാണാതായി. വിവരമറിഞ്ഞ് മറ്റു മത്സ്യത്തൊഴിലാളികൾ കടലിൽ തിരച്ചിൽ നടത്തി ഇവരെ രക്ഷപ്പെടുത്തി. തുടർന്ന് മൂവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളവും വലയും എഞ്ചിനും കടലിൽ നഷ്ടപ്പെട്ടു. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. മൂന്ന് പേരും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.




