കൊയിലാണ്ടിയിൽ മൂന്നക്ക എഴുത്ത് ലോട്ടറി ചൂതാട്ട സംഘത്തെ പിടികൂടി

കൊയിലാണ്ടിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്ന മൂന്നക്ക എഴുത്ത് ലോട്ടറി ചൂതാട്ട സംഘത്തെ പോലീസ് പിടികൂടി. മൂന്ന് പേർ കസ്റ്റഡിയിൽ. ഇവരിൽ നിന്ന് 22,200 രൂപ (ഇരുപത്ത് രണ്ടായിരത്തി ഇരുന്നൂറ്)യും പിടികൂടി. കൊയിലാണ്ടി എസ്.ഐ. അനീഷിൻ്റെയും, ഷൈലേഷിൻ്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

മുചുകുന്ന് വടക്കെ കുന്നുമ്മൽ നാരായണൻ നായരുടെ മകൻ ശശിധരൻ (62), മുചുകുന്ന് പുതുശ്ശേരിക്കണ്ടി ഹൌസ് കണ്ണൻ നായരുടെ മകൻ മോഹനൻ (65), മുചുകുന്ന് കിഴക്കെപറമ്പിൽ കണാരൻ്റെ മകൻ ബാലകൃഷ്ണൻ കെ.പി (65) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. ഇവരെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.

ശശിധരനെ കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്നാണ് പോലീസ് പിടികൂടിയത്. മറ്റ് രണ്ടുപേരെയും മുചുകുന്ന് ഇവർ സ്വന്തമായി നടത്തുന്ന കടയിൽ നിന്നാണ് പിടികൂടിയത്. വർഷങ്ങളായി ഇവർ ഇത്തരം തട്ടിപ്പ് നടത്തിവരുന്നതായാണ് അറിയുന്നത്. കേരള സർക്കാരിൻ്റെ ലോട്ടറി വിൽപ്പനയുടെ മറവിലാണ് ഇവർ ഇത്തരം തട്ടിപ്പ് നടത്തുന്നത്.

കാൽനടയായി വലിയ തിരക്കില്ലാത്ത പല സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഇവർ എത്തുന്നതറിഞ്ഞാൽ ആ സമയത്ത് സ്ഥിരമായി ചൂതാട്ടത്തിനെത്തുന്നവർ സംഘടിക്കുകയാണ് പതിവ്. മൂന്നക്ക നമ്പർ എഴുതിക്കൊടുത്ത് ചൂതാട്ടത്തിലേർപ്പെട്ട പലർക്കും ആദ്യം ചെറിയ തുക കിട്ടുമെങ്കിലും, അതൊരു ലഹരിയായിമാറുമെങ്കിലും പിന്നീട് പതിനായിരങ്ങളാണ് ഇവർക്ക് നഷ്ടപ്പെടുന്നത്. സംഘത്തിൽ എസ്.സി.പി.ഒ. നിഷാന്ത്, ഡ്രൈവർ ഒ.കെ. സുരേഷ് എന്നിവരും പങ്കെടുത്തു.

