നഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; തൃശ്ശൂരിൽ സ്‌റ്റുഡിയോ ഉടമ അറസ്‌റ്റിൽ

തൃശൂർ: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട വീട്ടമ്മയുടെ നഗ്ന വീഡിയോ കൈവശമുണ്ടെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയ സ്റ്റുഡിയോ ഉടമ അറസ്‌റ്റിൽ. അവിണിശ്ശേരി ഏഴു കമ്പനിക്കു സമീപം തോണിവളപ്പിൽ അഭിലാഷിനെയാണ് (34) നെടുപുഴ ഇൻസ്‌പെക്‌ടർ ടി. ജി. ദിലീപ് അറസ്റ്റ് ചെയ്‌തത്.

പ്രതി ആനക്കല്ല് ജംഗ്‌ഷനിൽ കാരമൽ വെഡിങ് എന്നപേരിൽ സ്റ്റുഡിയോ നടത്തുകയാണ്. മൂന്നു കൊല്ലം മുമ്പാണ് വീട്ടമ്മയുമായി ഇയാൾ ഫെയ്‌സ്‌ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം മുതലെടുത്ത പ്രതി വീട്ടമ്മയുടെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യം അവരറിയാതെ പകർത്തുകയായിരുന്നു.


ദൃശ്യം കാണിച്ചുള്ള ഭീഷണി അസഹ്യമായതോടെ വീട്ടമ്മ ഭർത്താവിനെ അറിയിച്ചു. തുടർന്നാണ് നെടുപുഴ പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്‌ത പ്രതിയിൽ നിന്നും ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌ക്കളും പെൻഡ്രൈവുകളും പൊലീസ് പിടിച്ചെടുത്തു. ഐടി ആക്‌ട് പ്രകാരം ഉള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

