KOYILANDY DIARY

The Perfect News Portal

മക്കിമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഒമ്പതുപേർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

മാനന്തവാടി: വയനാട് തലപ്പുഴ മക്കിമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഒമ്പതുപേർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ  പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ഉച്ചയ്ക്ക് 1 മുതൽ മക്കിമല എൽ.പി സ്കൂളിൽ പൊതുദർശനത്തിനു വെച്ചു. നിരവധി പേരാണ് മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായെത്തിയത്. മന്ത്രി എ കെ ശശീന്ദ്രൻ അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ സ്കൂളിൽ ഉടൻ എത്തും.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് മക്കിമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ച എല്ലാവരും തോട്ടം തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

അപകട കാരണം ജീപ്പിന്റെ ബ്രേക്ക് നഷ്ടമായത്

മാനന്തവാടി: ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പരിക്കേറ്റ്‌ മാനന്തവാടി മെഡിക്കൽ കോളേജ്‌ ആശുപത്രിയിയിൽ ചികിത്സയിലുള്ള ഡ്രൈവർ മണികണ്ഠൻ പറഞ്ഞു. ‘സാധാരണ പോകുന്ന വഴിയാണ്. വളവിൽ വച്ച്‌ ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. അരികൽ വലിയ താഴ്ചയാണുള്ളതെന്ന്‌ അറിയാമായിരുന്നു. അപകടത്തിൽ പെടാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.  പിന്നീട്‌ എന്താണ് സംഭവിച്ചതെന്നും ഓർക്കാനാവുന്നില്ലെന്നും’ മണികണ്‌ഠൻ പറഞ്ഞു.

Advertisements

മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന പൂർത്തിയായിട്ടുണ്ട്. ജീപ്പിന്റെ ബ്രേക്ക് നഷ്ടമായെന്ന് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.