KOYILANDY DIARY.COM

The Perfect News Portal

വി എസിൻ്റെ വരവിനായി കാത്തു നിൽക്കുകയാണ് അനേകായിരങ്ങൾ

വി എസിൻ്റെ വരവിനായി കാത്തു നിൽക്കുകയാണ് അനേകായിരങ്ങൾ. സമയം കടന്നുപോകുമ്പോഴും അക്ഷീണമായി അവർ കണ്ണുകൾനീട്ടി മുദ്രാവാക്യം വിളിച്ചു.. അദ്ദേഹം പകർന്നു നൽകിയ പോരാട്ട വീര്യത്തിൻ്റെ, സമരോജ്വലമായ ജീവിതത്തിന്റെ പ്രതിഫലനമാണ് വഴിയരികിൽ കാത്തുനിൽക്കുന്ന ഈ ജനസഞ്ചയം.
.
ഉള്ളുലഞ്ഞെങ്കിലും കണ്‌ഠമിടറാത്ത മുദ്രാവാക്യങ്ങളുമായി വഴിയോരങ്ങളിൽ കാത്തുനിന്നവർക്കിടയിലൂടെയാണ് പോരാളികളുടെ മണ്ണിലേക്ക് ജനനായകൻ്റെ മടക്കയാത്ര. ഓരോ സാധാരണക്കാരൻ്റെയും സുഹൃത്തായി, സഹചാരിയായി ജനങ്ങളിലേക്കിറങ്ങിയ ഒരാൾക്ക് പ്രിയപ്പെട്ടവർ സ്നേഹം കൊണ്ടല്ലാതെ എങ്ങനെയാണ് മറുപടി നൽകുക. അരികുവത്കരിക്കപ്പെട്ടവരുടെ പ്രയാസങ്ങളും അവരുടെ സ്വപ്നങ്ങളും വി എസ് സ്വയം ഏറ്റെടുത്തു. കേരളത്തിൻ്റെ എല്ലാ കോണുകളും തൻ്റെ പ്രവർത്തന മണ്ഡലമാക്കി. വിലാപയാത്ര കടന്നുപോകുന്ന ഓരോ സ്ഥലങ്ങളിലും തൻ്റെ ജീവിതത്തിലൂടെ വി എസ് നടത്തിയ സമരപോരാട്ടത്തിന്റെ സ്‌മരണകളുണ്ട്.
കേരളത്തിലെ കർഷക തൊഴിലാളികളുടേയും കയർ തൊഴിലാളികളുടേയും സമരപോരാട്ടത്തിൻ്റെ അധ്യായങ്ങൾ എഴുതിച്ചേർത്ത ഭൂമികകൾ പിന്നിടുമ്പോൾ വി എസ് എന്ന സമര നായകൻ വാക്കുകളിലൂടെ ഇവിടങ്ങളിലെല്ലാം ഇപ്പോഴും ജീവിക്കുകയാണ്. നിറയെ രക്തപുഷ്‌പങ്ങൾ അർപ്പിച്ച് ആ സമര നായകന് അന്ത്യാഭിവാദ്യങ്ങളർപ്പിക്കുന്നു ഓരോരുത്തരും.
നാടിൻ്റെ മുഴുവൻ ഹൃദയവും കവർന്നെടുത്താണ് സമര മുദ്രകൾ പതിഞ്ഞ വീഥികളിലൂടെ വിഎസ്സിൻ്റെ വിലാപയാത്ര നീങ്ങുന്നത്. പതിറ്റാണ്ടുകളോളം വി എസ് കർമഭൂമിയാക്കിയ സെക്രട്ടറിയറ്റും നിയമസഭയുമെല്ലാം പിന്നിടാനെടുത്തത് മണിക്കുറുകളാണ്.’ എട്ട് മണിക്കൂറുകൾകൊണ്ട് ഇരുപത് കിലോമീറ്റർ മാത്രമാണ് വാഹനം പിന്നിട്ടത്. തൊഴിലാളികൾ മുതൽ ഉന്നതോദ്യോഗസ്ഥർവരെയുള്ള കേരളത്തിന്റെ പരിച്ഛേദമാണ് യാത്രയിലുടനീളം ദൃശ്യമാകുന്നത്.
വിഎസ് ബാക്കി വയ്ക്കുന്നത് ഐതിഹാസികമായ സമരപോരാട്ട ചരിത്രമാണ്. തലകുനിക്കാത്ത, വിട്ടുവീഴ്ച്ചകളില്ലാത്ത, ഉറച്ച ശബ്ദത്തിൻ് ചരിത്രം ഇവിടെ തുടരുകയാണ്. അദ്ദേഹത്തിൻ്റെ ആശയങ്ങളുടേയും പ്രവർത്തനങ്ങളുടേയും അവശേഷിപ്പുകൾ പുതു തലമുറ ഏറ്റെടുക്കും എന്നതിൽ സംശയമില്ല. ജനഹൃദയങ്ങളിൽ വി എസ് എക്കാലവും ജീവിക്കും.
Share news