അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യ ദ്രോഹികൾ; മുഖ്യമന്ത്രി

അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യ ദ്രോഹികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകര ജില്ലാ ആശുപത്രി ഫേസ് – II ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിനിടെ സദസ്സിലിരുന്ന മുൻ എംഎൽഎ സി കെ നാണുവിനെ മുഖ്യമന്ത്രി വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

പദ്ധതി ആരോഗ്യ വകുപ്പിൻ്റെ ശേഷി വർദ്ധിപ്പിക്കുന്നതാണ് എന്ന് വടകര ജില്ലാ ആശുപത്രി ഫേസ് – II ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പിലാകുന്നതോടെ വടകരയിലും പരിസര പ്രദേശത്തും ആരോഗ്യ മേഖല മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി തുടർന്നു പറഞ്ഞു.

ആധുനിക വൈദ്യശാസ്ത്രത്തോട് വിമുഖത കാട്ടുന്നതിനെ പ്രസംഗത്തിൽ മുഖ്യമന്ത്രി ശക്തമായി വിമർശിക്കുകയും ചെയ്തു. വാക്സിൻ വിരുദ്ധത മുതലായ ആധുനിക വൈദ്യശാസ്ത്രത്തോട് വിമുഖത കാട്ടുന്നവരെ സാമൂഹ്യ ദ്രോഹികൾ എന്ന് വിളിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യ ദ്രോഹികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയിൽ ഒട്ടേറെ നേട്ടങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്നും പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

