പുസ്തകോത്സവത്തിന് എത്തുന്നവർക്ക് ആനവണ്ടിയിൽ തലസ്ഥാനം ചുറ്റിക്കാണാം; സിറ്റി റൈഡുമായി KSRTC
.
നിയമസഭാ പുസ്തകോത്സവത്തിന് എത്തുന്നവർക്ക് നഗരം കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് കെഎസ്ആർടിസി. പുസ്തകോത്സവത്തിന്‍റെ ഭാഗമായുള്ള കെഎസ്ആർടിസിയുടെ സിറ്റി റൈഡിന് തുടക്കമായി. സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായാണ് യാത്ര. അറിവിൻ്റെയും അക്ഷരത്തിൻ്റെയുമേല്ലാം ഉത്സവമാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം. കേരളത്തിന് അകത്തും, പുറത്തും ഉള്ള നിരവധി പേരാണ് മേളയുടെ ഭാഗമാകാൻ തലസ്ഥാനത്ത് എത്തുന്നത്. ഇവർക്കാണ് ആനവണ്ടിയിൽ തലസ്ഥാനം ചുറ്റി കാണാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്.

മന്ത്രി കെബി ഗണേഷ് കുമാർ സിറ്റി റൈഡിന്‍റെ ഫ്ലാഗോഫ് നിർവഹിച്ചു. പത്തനാപുരം സ്കൂളിലെ വിദ്യാർത്ഥികളാണ് സിറ്റി റൈഡിലെ ആദ്യ യാത്രക്കാരായത്. ഇത്തരമൊരു അനുഭവം ആദ്യമായെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. പുസ്തകോത്സവത്തിന് എത്തുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായാണ് സിറ്റി റൈഡിലെ യാത്ര. മ്യൂസിയവും, മൃഗശാലയും കനകക്കുന്ന് കൊട്ടാരവും എല്ലാം ഉൾപ്പെടുന്നതാണ് പുസ്തകോത്സവത്തിന്‍റെ സിറ്റി റൈഡ് ബസ് റൂട്ട്.




