KOYILANDY DIARY

The Perfect News Portal

‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം…’, ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തു

ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തു. മുരുകന്‍ കാട്ടാക്കട രചിച്ച് മഞ്ജരി ആലപിച്ച പ്രവേശനോത്സവ ഗാനം എല്ലാ സ്‌കൂളുകളിലേക്കും നല്‍കുമെന്നും മന്ത്രി അറിയിച്ചു. വിജയ് കരുണാണ് സംഗീത സംവിധാനം. സംസ്ഥാന തല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മലയിന്‍കീഴ് സ്‌കൂള്‍ സമുച്ചയത്തില്‍വെച്ചാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്.

പ്രവേശനോത്സവഗാനം (വരികള്‍)

മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം
സൂര്യനെ പിടിക്കണം
പിടിച്ചു സ്വന്തമാക്കണം
കുഞ്ഞാറ്റക്കിളികളെ
വരൂ വസന്ത കാലമായ്
പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം.
അക്ഷരങ്ങള്‍ കോര്‍ത്തു നമുക്കഞ്ഞലൂഞ്ഞലാടാം
(തക തക തക തക തക തക താലോലം മേട്ടില്‍
കളകള കള കള കള കിളികുലമിളകുന്നേ )

Advertisements

അറിവു പൂവുകള്‍ വിടര്‍ന്നൊരീ വസന്തവാടിയില്‍
ലഹരി വണ്ടുകള്‍ കടിച്ചിടാതെ കാവലാകണം
കരുതലും കരുത്തുമുള്ള പുതിയ തലമുറയ്ക്കു നാം പുതിയ പാഠമാകണം
മേലേ മല മേലേ മതിയോളം കളിയാടണം കുനുകുനെ ചിരി മൊഴി ചിതറണ് കൂടെ കൂടാന്‍ വാ
(തക തക തക )
പ്രകൃതി അമ്മ, നിറയെ നന്മ പുലരി വെണ്‍മ പുലരുവാന്‍
അറിയണം നമുക്കു നമ്മെ
സമയമായ് ഉണരുവാന്‍
വിശാല ലോകമാകവെ
പറന്നു കാണുവാന്‍ നമുക്ക്
ചിറക് പാഠപുസ്തകം
നാളേ വഴി നീളേ നിറ പൂവായ് ചിരി നിറയണം വരിവരി നിരയൊരു നിര മനമൊന്നായ് ചേരാന്‍ വാ
(തക തക തക )

മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം.
സൂര്യനെ പിടിക്കണം
പിടിച്ചു സ്വന്തമാക്കണം
കുഞ്ഞാറ്റക്കിളികളേ ..
വരൂ വസന്തകാലമായ്
പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം
അക്ഷരങ്ങള്‍ കോര്‍ത്തു നമുക്കഞ്ഞലൂഞ്ഞലാടാം