‘ചൊവ്വയിൽ മനുഷ്യൻ കാലുകുത്തുന്നത് ഇവിടെ’; വാസയോഗ്യ സാധ്യതയുള്ള സ്ഥലം കണ്ടെത്തി ശാസ്ത്രജ്ഞർ
.
ചൊവ്വ എന്ന ചുവന്ന ഗ്രഹത്തിന്റെ ഏതെങ്കിലും ഭാഗത്ത് ജീവന്റെ തുടിപ്പുണ്ടാകാൻ ഉള്ള സാധ്യതകൾ ഉണ്ടോ എന്ന് വർഷങ്ങളായി നമ്മുടെ ശാസ്ത്രജ്ഞർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ആ അന്വേഷണ ഘട്ടങ്ങളിൽ നിരവധി കാര്യങ്ങൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ ഇപ്പോൾ മനുഷ്യന് ഭാവിയിൽ സാധ്യമായേക്കാവുന്ന ഒരു കാര്യം കൂടി കണ്ടുപിടിച്ചിരിക്കുകയാണ്. ഭാവിയിലെ മനുഷ്യ ദൗത്യങ്ങൾ നടത്താൻ ഉതകുന്ന തരത്തിൽ ഒരു ലാൻഡിംഗ് സൈറ്റ് ചൊവ്വയുടെ ഒരു ഭാഗത്ത് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

സയൻസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചൊവ്വയുടെ മധ്യ-അക്ഷാംശ മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘ആമസോണിസ് പ്ലാനിറ്റിയ’ എന്നാണ് ആ ലാൻഡിംഗ് സൈറ്റിന്റെ പേര്. “ഗോൾഡിലോക്ക്സ്” സോൺ എന്നറിയപ്പെടുന്ന ഇവിടം സൗരോർജ്ജ ഉൽപാദനത്തിന് ആവശ്യമായ സൂര്യപ്രകാശം ലഭിക്കുന്ന ഇടം കൂടിയാണ്. ചൊവ്വയിൽ ഒരു നഗരം നിർമ്മിച്ച് അവിടെ മനുഷ്യരെ താമസിപ്പിക്കുക എന്ന ദൗത്യം പണ്ടേ ഉറപ്പിച്ച ശാസ്ത്രജ്ഞർക്ക് അതിനായുള്ള ആദ്യ സാധ്യത തുറന്നു കിട്ടിയെന്ന് വേണം ഇതിലൂടെ മനസിലാക്കാൻ.

സൗരോർജ്ജം, വെള്ളവും ഐസും സംയോജിക്കാൻ സാധ്യതയുള്ള സ്ഥലം, എന്നിങ്ങനെയാണ് ഈ പ്രദേശത്തിന്റെ സവിശേഷതകൾ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് ഭൂമിയിലെ വിഭവങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, ചൊവ്വയുടെ വിഭവ ശേഷിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ചൊവ്വയിലേക്ക് ഇതുവരെ അയച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വിശദമായ വിവരങ്ങൾ ലഭിക്കുന്ന ക്യാമറ (HiRISE) ഉപയോഗിച്ച് വെല്ലുവിളി നിറഞ്ഞ ഉപരിതല സവിശേഷതകൾ കണ്ടെത്തുന്നതിനായി മിസിസിപ്പി സർവകലാശാലയിലെ ഗവേഷകർ ഒരു ഗവേഷണ പഠനം നടത്തി. ജേണൽ ഓഫ് ജിയോഫിസിക്കൽ റിസർച്ച് പ്ലാനറ്റ്സിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ അനുസരിച്ച്, ചൊവ്വയിലെ ഭാവി മനുഷ്യ ദൗത്യങ്ങൾക്ക് അനുയോജ്യമായ സവിശേഷതകൾ ഉള്ള ഒരു പ്രത്യേക സ്ഥലം സംഘം തിരിച്ചറിയുകയായിരുന്നു.

“ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കാൻ പോകുകയാണെങ്കിൽ, കുടിവെള്ളത്തിന് മാത്രമല്ല, എല്ലാത്തരം ആപ്ലിക്കേഷനുകൾക്കും H2O ആവശ്യമാണ്”. അതിനാൽ തന്നെ ചൊവ്വയുടെ ആ പ്രദേശത്ത് ആദ്യം വേണ്ടത് വെള്ളത്തിന്റെ സാന്നിധ്യമാണ്’ എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഭൂമിശാസ്ത്രജ്ഞ എറിക്ക ലുസി പറയുന്നു. മാത്രമല്ല, ചന്ദ്രന്റെ പ്രതലത്തിൽ കണ്ടെത്തിയ മാറ്റങ്ങൾ പോലെ അല്ല, ചൊവ്വയുടെ മാറ്റങ്ങൾ നിരീക്ഷിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ളതാണ് എന്നും, അതിനായി പരിശ്രമം നടത്തി വരികയാണ് എന്നുമാണ് മറ്റൊരു ശാസ്ത്രജ്ഞൻ പറഞ്ഞത്. ലുസിയുടെ അഭിപ്രായത്തിൽ, വെള്ളത്തിന്റെ (ഐസിന്റെ) സാന്നിധ്യം ജീവന്റെ അടയാളങ്ങൾ തിരയാൻ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
നമുക്കറിയാവുന്നതുപോലെ, നാളിതുവരെയും ഈ ചുവന്ന ഗ്രഹത്തിൽ ജീവന്റെ സാനിധ്യം സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, പുരാതനവും വാസയോഗ്യവുമായ സാഹചര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി അടയാളങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി, 2030 കളിൽ തന്നെ ചൊവ്വയിലേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതുൾപ്പെടെ നിരവധി ചൊവ്വ ദൗത്യങ്ങൾ ബഹിരാകാശ ഏജൻസികൾ ആസൂത്രണം ചെയ്യുന്നുണ്ട്.



