‘ഇതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല’; വയോധികന്റെ നിവേദനം വാങ്ങാതെ സുരേഷ് ഗോപി

നിവേദനം നല്‍കാനെത്തിയ വയോധികനോടുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പെരുമാറ്റത്തിന്റെ വീഡിയോ വൈറൽ. സുരേഷ് ഗോപി ആ നിവേദനം സ്വീകരിക്കാൻ വിസമ്മതിക്കുകയും “അതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തില്‍ പറയൂ” എന്ന് പറയുകയും ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായി മാറിയിരിക്കുകയാണ്.

ഒരു എംപി മാത്രമല്ല, കേന്ദ്ര സഹമന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ ജോലി ജനങ്ങളുടെ ആവലാതികൾ കേൾക്കുകയും കഴിയുമെങ്കിൽ പരിഹാരം കാണുകയുമാണ്. എന്നാൽ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഒരിക്കലും വരാൻ പാടില്ലാത്ത വാക്കുകളും ശരീരഭാഷയുമാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും, പുച്ഛത്തോടെയാണ് അദ്ദേഹം ആ മനുഷ്യനെ സമീപിച്ചതെന്നും വ്യക്തമായി മനസിലാക്കാൻ സാധിക്കും.

ഇത്രയധികം ധാർഷ്ട്യവും അഹങ്കാരവും പുച്ഛവും നിറഞ്ഞ പ്രതികരണം മറ്റൊരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും മുമ്പ് കണ്ടിട്ടില്ലെന്ന് പറയാൻ സാധിക്കും. ഈ സംഭവം കണ്ടുകൊണ്ടിരുന്ന നീല ഷർട്ട് ധരിച്ച മറ്റൊരാൾ, പേടിച്ച്, തന്റെ കയ്യിലിരുന്ന നിവേദനം പുറകോട്ട് വലിച്ചതായും വീഡിയോയിൽ കാണിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലയില്‍ നടന്ന ‘കലുങ്ക് സൗഹാര്‍ദ വികസന സംവാദ’ത്തിലാണ് ഇക്കാര്യം നടന്നത്. വലിയ ചര്‍ച്ചയാണ് ഈ ദൃശ്യങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. പുള്ളിലും ചെമ്മാപ്പള്ളിയിലും നടന്ന സദസ്സില്‍ സുരേഷ് ഗോപിക്കൊപ്പം നടനും ബിജെപി നേതാവുമായ ദേവന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാടും പങ്കെടുത്തു.

ജനങ്ങളോടുള്ള കടമയോ സ്നേഹമോ ഇത്രയേ ഉള്ളോ എന്നും, സുരേഷ് ഗോപി ഇപ്പോഴും സിനിമാ അഭിനയത്തിൽനിന്നും ‘ഭരത്ചന്ദ്രൻ’ എന്ന കഥാപാത്രത്തിൽനിന്നും പുറത്തുവന്നിട്ടില്ലെന്നും, സമാന്തര ലോകത്തിലെ പ്രതികരണങ്ങളാണ് അദ്ദേഹത്തിൽ നിന്ന് പലപ്പോഴും കാണുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. വയനാട്ടിൽ വലിയ ദുരന്തമുണ്ടായപ്പോൾ കേന്ദ്രസഹായം ലഭിക്കാൻ ഒരു ചെറുവിരൽ പോലും സുരേഷ് ഗോപി അനക്കിയിട്ടില്ല.

