സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കുളള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരം; മുഖ്യമന്ത്രി
മലപ്പുറം: സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കുളള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പെരിന്തൽമണ്ണയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം ജില്ലയില്‍ നാല് ദിവസത്തെ പര്യടനം ഇന്ന് പൂര്‍ത്തിയാവുകയാണ്.

പൊന്നാനിയില്‍ തുടങ്ങി ഇന്ന് പെരിന്തല്‍മണ്ണയില്‍ എത്തി നില്‍ക്കുന്ന മലപ്പുറം ജില്ലയിലൂടെയുള്ള യാത്ര ഈ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയുടെ കാഴ്ച കൂടിയാണ്. വഴിനീളെ ജനങ്ങള്‍ സ്വയമേവ കാത്തു നില്‍ക്കുകയാണ്. ആവേശത്തോടെ അഭിവാദ്യം ചെയ്യുന്നു. ആരോഗ്യമേഖല എടുത്താല്‍, സമാനതകളില്ലാത്ത നേട്ടങ്ങളാണ് മലപ്പുറം ജില്ലയില്‍ ഉണ്ടാക്കിയത് എന്ന് കാണാനാവും.

കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ 61 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ന്നത്. 15 സാമൂഹികാരോഗ്യകേന്ദ്രങ്ങളെ ബ്ലോക്ക് തല കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. ഒ.പി പരിവര്‍ത്തനത്തിനായി തെരഞ്ഞടുത്ത അഞ്ച് പ്രധാന ആശുപത്രികളില്‍ രണ്ടെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു. 6 ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കേരളത്തിലെ ഏക കാന്‍സര്‍ ഹോമിയോ ആശുപത്രിയായ വണ്ടൂര്‍ കാന്‍സര്‍ ആശുപത്രിയിലും കൂടുതല്‍ സൗകര്യം ഒരുക്കാന്‍ കഴിഞ്ഞു.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോടികൾ ചെലവഴിച്ചുള്ള നവീകരണമാണ് നടന്നത്. മലപ്പുറത്ത് പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിച്ചു. മലപ്പുറത്ത് മാത്രമല്ല സംസ്ഥാനത്താകെ അഭൂതപൂര്‍വ്വമായ പുരോഗതിയാണ് ഉണ്ടാകുന്നത്. ഈയാഴ്ചയാണ് രാജ്യത്ത് ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയ ഒരു ജില്ലാതല ഗവണ്മന്‍റ് ആശുപത്രിയില്‍ നടക്കുന്ന സംസ്ഥാനമെന്ന പദവി കേരളം നേടുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ആദ്യത്തെ സംസ്ഥാനവും നമ്മളാണ്.

ഏറ്റവും കുറവ് മാതൃ, ശിശുമരണമുള്ള സംസ്ഥാനം, ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം, ആന്‍റി ബയോഗ്രാം പുറത്തിറക്കുന്ന ആദ്യ സംസ്ഥാനം, മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യം നടപ്പാക്കുന്ന സംസ്ഥാനം, ആദ്യമായി വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം, 6500ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയ സംസ്ഥാനം, തുടങ്ങി എണ്ണിയാല്‍ തീരാത്ത നേട്ടങ്ങള്‍ ഇക്കാലയളവില്‍ കേരളം നേടിയിട്ടുണ്ട്.

2022 ല്‍ ദേശീയ ആരോഗ്യ മിഷന്‍ പുറത്തിറക്കിയ ഗ്രാമീണ ആരോഗ്യ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം കേരളത്തില്‍1919 പേര്‍ക്ക് ഒന്നു വീതം സബ് സെന്‍ററുകള്‍ നിലവിലുണ്ട്. എന്നാല്‍ 5734 പേര്‍ക്ക് ഒന്ന് എന്നതാണു ദേശീയ ശരാശരി. നമുക്ക് 12844 പേര്‍ക്ക് ഒന്നെന്ന നിലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 47,155 പേര്‍ക്ക് ഒന്നെന്ന നിലയില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്. 35,602 പേര്‍ക്ക് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും 1,63,298 പേര്‍ക്ക് ഒരു സാമൂഹ്യ ആരോഗ്യ കേന്ദ്രവും എന്നതാണു ദേശീയശരാശരി. 10,000 കോടി രൂപയാണ് കേരളത്തിന്‍റെ പ്രതിവര്‍ഷ ആരോഗ്യ ബജറ്റ്. അതിനുപുറമേ തദ്ദേശ സ്ഥാപനങ്ങള്‍ കോടികള്‍ ചിലവഴിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
