KOYILANDY DIARY.COM

The Perfect News Portal

തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതി അമിത് ഉറാങിനെ കുടുക്കിയത് ഇന്‍സ്റ്റാഗ്രാം ഭ്രമം

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അമിത് ഉറാങിനെ കുടുക്കിയത് അമിത ഇന്‍സ്റ്റാഗ്രാം ഭ്രമം. സുഹൃത്തിന്റെ വൈഫൈ അക്കൗണ്ട് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം ഓപ്പണ്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ആണ് പ്രതി പിടിയിലായത്. അമിത് ഉറാങിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

ഇന്നലെയാണ് ഇയാള്‍ പിടിയിലായത്. സിസിടിവി പരിശോധനയില്‍ പ്രതി രക്ഷപ്പെട്ടതിനെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചു. ഇതിനിടയിലാണ് കൊലപാതക സ്ഥലത്ത് നിന്നും മോഷ്ടിച്ച ഫോണ്‍ ഇയാള്‍ ഓണ്‍ ചെയ്തത്. ടവര്‍ ലൊക്കേഷന്‍ ലഭിച്ചതിന് പിന്നാലെ കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘം തൃശൂരിലെത്തി ഇന്നലെ പുലര്‍ച്ചെ പ്രതിയെ പിടികൂടുകയായിരുന്നു. മാള മേലടൂരിലെ കോഴിഫാമിന്റെ കെട്ടിടത്തില്‍ നിന്നുമാണ് അമിത് എന്ന അസം സ്വദേശിയെ പിടികൂടിയത്.

പ്രതിക്കൊപ്പം സഹോദരനെയും പൊലീസ് കരുതല്‍ തടങ്കലായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ഉണ്ടായ മോഷണ കേസില്‍ പ്രതിയെ പണം വാങ്ങി ജാമ്യത്തിന് ഇറക്കിയ വൈക്കം സ്വദേശികളായ രണ്ടു യുവതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. കൊലപാതകം ചെയ്യാന്‍ മൂന്നുദിവസം കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ പ്രതി താമസിച്ചിട്ടുണ്ട്.

Advertisements

 

കൊലപാതകത്തിന്റെ അന്ന് രാത്രി 10 മണിക്ക് പ്രതി ഇറങ്ങിപ്പോകുന്നതും പുലര്‍ച്ചെ നാലേകാലോടെ മടങ്ങിയെത്തുന്നതും ലോഡ്ജിന്റെ സിസിടിവിയില്‍ കാണാം. ആയുധത്തില്‍ അടക്കമുള്ള വിരല്‍ അടയാളങ്ങളാണ് പ്രതി അമിത് തന്നെയാണ് എന്ന് ഉറപ്പിക്കാന്‍ കാരണം . വിജയകുമാറിന്റെ മകന്‍ ഗൗതമിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘവും കോട്ടയത്തെത്തി അറസ്റ്റിന്റെ വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം, കൊലപാതകം നടന്ന സ്ഥലത്തും സിബിഐ സംഘം എത്തിയിരുന്നു.

Share news