മണ്ണ് കടത്തലിന് അകമ്പടിയൊരുക്കി തിരുവനന്തപുരം പേട്ട പൊലീസ്

തിരുവനന്തപുരം: ആക്കുളം കായലിനു സമീപം ഒരുവാതിൽകോട്ടയിൽ നിയമം കാറ്റിൽ പറത്തി ഭൂമിയും കായലും മണ്ണിട്ട് നികത്തുന്നതിന് എസ്‌കോർട്ട് നൽകുന്നത് പേട്ട പൊലീസ്. നൂറുകണക്കിന് ടോറസ് ലോറികളിൽ മണ്ണുകടത്തുന്നതിനാണ് പൊലീസ് കാവൽ പോകുന്നത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ സിപിഐ (എം) പ്രവർത്തകർ ശേഖരിച്ചിട്ടുണ്ട്.

കോടിക്കണക്കിന് രൂപ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി കിട്ടിയിട്ടാണ് മണ്ണുകടത്തലിനും ഭൂമിനികത്തലിനും കൂട്ടുനിൽക്കുന്നത് എന്ന് വ്യക്തമാകുകയാണ്. കൊല്ലം സ്വദേശിയായ വ്യക്തിയാണ് ഭൂമി നികത്തുന്നത്. ഏഴ് ഏക്കറോളംവരുന്ന വസ്‌തുവിന് മതിൽ നിർമിക്കാനുള്ള അനുമതിയാണ് നഗരസഭ നൽകിയിരുന്നത്. എന്നാൽ, അടിത്തറമാത്രം കെട്ടിയശേഷം കായൽഭൂമിയുൾപ്പെടെ മണ്ണിട്ട് നികത്തുകയാണ്.
ഇതിനെതിരെ സിപിഐ (എം) പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കലക്ടർ തഹസിൽദാരോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ചതോടെ മണ്ണിട്ടുമൂടുന്നത് നിർത്തിവയ്‌ക്കാൻ കലക്‌ടർ ഉത്തരവിട്ടു. നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തിയശേഷം നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. മണ്ണുകയറ്റിയെത്തുന്ന ടോറസ് ലോറികളുടെ സഞ്ചാരം പതിവായതോടെ പ്രദേശത്തെ റോഡ് തകർന്നു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡാണ് തകർന്നത്.
പൊലീസ് ഒത്താശയിൽ നടത്തുന്ന മണ്ണുകടത്തും ഭൂമിനികത്തലും ചോദ്യം ചെയ്‌തതിനാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം നിതീഷിനെ പേട്ട സബ് ഇൻസ്പെക്‌ടർ അഭിലാഷിൻറെ നേതൃത്വത്തിൽ മർദിച്ചത്. ഇതിനെതിരെ പ്രതിഷേധിച്ച സിപിഐ (എം) പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്‌തു. പിന്നീട് സിപിഐ (എം) പ്രവർത്തകർ പൊലീസ് സ്‌റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പ്രചരിപ്പിക്കുകയും ചെയ്‌തു. മണ്ണുമാഫിയും ഭൂമാഫിയയും തമ്മിലുള്ള കച്ചവടം പിടിക്കപ്പെടും എന്നായപ്പോഴാണ് പ്രതിഷേധിച്ചവർക്കെതിരെ പേട്ടയിലെ പൊലീസ് ഉദ്യോഗസ്ഥർ തിരിഞ്ഞത്.
കച്ചവടക്കാരായ പൊലീസുകാരെ സംരക്ഷിച്ച് അന്വേഷണ റിപ്പോർട്ട് തയാറാക്കിയ ഉന്നത ഉദ്യോഗസ്ഥരും എല്ലാത്തിനും കൂട്ടുനിൽക്കുന്നവരാണ് എന്ന ആക്ഷേപം ഉയരുന്നുണ്ട്. ഭൂമി നികത്തുന്ന പ്രദേശം സിപിഐ (എം) ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ, ഏരിയ സെക്രട്ടറി സി ലെനിൻ, ജില്ലാ കമ്മിറ്റിയംഗം എസ് പി ദീപക് തുടങ്ങിയവർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
