KOYILANDY DIARY.COM

The Perfect News Portal

മൂന്നാമത്തെ ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും

.

പത്തനംതിട്ട: ബലാത്സംഗ കേസില്‍ റിമാന്‍ഡിലുള്ള പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് ജാമ്യാപേക്ഷയില്‍ വാദം കേട്ടു. പ്രോസിക്യൂസിന്റെ ആവശ്യം പരിഗണിച്ച് അടച്ചിട്ട് കോടതി മുറിയിലാണ് രാഹുല്‍ മാങ്കുട്ടത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രാഹുലിനെതിരെ നിരന്തരം പരാതികള്‍ ഉയരുകയാണ് എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ലൈംഗിക പീഡന പരാതിയില്‍ മറ്റ് രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ കെട്ടിച്ചമച്ച കേസ് ആണെന്നും എല്ലാം പരസ്പര സമ്മതപ്രകാരമായിരുന്നു എന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാറിന്റെ വാദം. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങളും ഓഡിയോ സന്ദേശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യം കിട്ടിയാല്‍ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

Advertisements

 

മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. മൂന്നാമത്തെ ബലാത്സംഗപരാതിയിലാണ് രാഹുലിന്റെ അറസ്റ്റ് നടന്നിരിക്കുന്നത്. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി രാഹുലിനെതിരായ പരാതിയില്‍ ഉയര്‍ത്തിയത്.

Share news