KOYILANDY DIARY.COM

The Perfect News Portal

മൂന്നാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

.

മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച കേസ് ഡയറി പോലീസ് സംഘം ഇന്നലെ പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയിരുന്നു. ഇത് കോടതിയുടെ പരിഗണനയ്ക്ക് വരും. റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ വാദം നടക്കുക.

 

ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കും. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണം പാതിവഴിയില്‍ ആണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നാണ് രാഹുലിന്റെ വാദം. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത രാഹുല്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ്.

Advertisements

 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പീഡനക്കേസിലെ അതിജീവിത രംഗത്തെത്തിയിരുന്നു. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും ഗര്‍ഭിണിയായിരിക്കെ തന്നെ മൃഗീയമായി പീഡിപ്പിച്ചെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് അതിജീവിത കോടതിയിലെത്തിയത്. ഒന്നാം പരാതിയിലെ അതിജീവിതയാണ് ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

 

ഭീഷണിപ്പെടുത്തി തന്റെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ആ ദൃശ്യങ്ങള്‍ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ടെന്നും അതിജീവിത വെളിപ്പെടുത്തി. ജാമ്യം നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭയമുണ്ടെന്നും ഇവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Share news