നേവി യൂണിഫോമിൽ എത്തി മോഷ്ടാവ്; നാവികസേനയുടെ തോക്കും വെടിയുണ്ടകളും കവർന്നു

മുംബൈയിൽ നാവികസേനയുടെ തോക്കും വെടിയുണ്ടകളും മോഷ്ടിച്ചു. സുരക്ഷ ചുമതലയുള്ള നാവികസേന ഉദ്യോഗസ്ഥനിൽ നിന്നാണ് തോക്ക് മോഷ്ടിച്ചത്. മുംബൈയിലെ നേവി റസിഡൻഷ്യൽ ഏരിയയിലാണ് സംഭവം നടന്നത്. സുരക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ചു. എപി ടവർ റഡാറിൽ വാച്ചറായി നിയോഗിക്കപ്പെട്ട 20 വയസ്സുള്ള അഗ്നിവീർ സൈനികനെയാണ് കബളിപ്പിച്ചത്.

ശനിയാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാവികന്റെ മുന്നിൽ യൂണിഫോം ധരിച്ചെത്തി ഡ്യൂട്ടി ചെയ്ഞ്ചിന് വന്നു എന്ന് അറിയിച്ചാണ് ആയുധങ്ങൾ കൈവശപ്പെടുത്തിയത്. യുണിഫോം ഉൾപ്പെടെ കണ്ട് തോക്കും വെടിയുണ്ടകളും കൈമാറുകയും ചെയ്തു. നാവികൻ കാവൽപ്പുരയിൽ വെച്ച് മറന്ന വാച്ച് തിരിച്ചെടുക്കാൻ എത്തിയപ്പോൾ കാവൽക്കാരനെ കാണാതായതോടെയാണ് അബദ്ധം തിരിച്ചറിഞ്ഞത്.
തുടർന്ന് വിവരം അറിയിച്ചു. പരിസരങ്ങളിൽ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. മുംബൈ പോലീസുമായി ചേർന്ന് വ്യാപകമായി അന്വേഷണം നടത്തുകയാണെന്ന് നേവി അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. കഫെ പരേഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

