KOYILANDY DIARY

The Perfect News Portal

അങ്കമാലി–-ശബരി റെയിൽവെ യാഥാർത്ഥ്യമാക്കാൻ സർക്കാരിന്റെ തുടർ ഇടപെടൽ ഉണ്ടാകും; മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: അങ്കമാലി–-ശബരി റെയിൽവെ യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ തുടർ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. പദ്ധതി പുനരുജ്ജീവിപ്പിക്കാനും മതിയായ തുക ബജറ്റിൽ വകയിരുത്താനുംവേണ്ട നടപടികൾക്കായി നിരവധി തവണ സംസ്ഥാന സർക്കാർ നേരിട്ടും കത്തിലൂടെയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിഷയം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

എസ്റ്റിമേറ്റ് അംഗീകരിക്കാനും പദ്ധതി പുനരുജ്ജീവിപ്പിക്കാനും നടപടി ആവശ്യപ്പെട്ട്, റെയിൽവേ മന്ത്രിക്ക് വിശദമായ കത്തയച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും കേന്ദ്ര റെയിൽ മന്ത്രാലയവുമാണ് തുടർകാര്യങ്ങൾ ചെയ്യേണ്ടത്. പദ്ധതി തുകയുടെ അമ്പതു ശതമാനം വഹിക്കാമെന്ന് സംസ്ഥാനം നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. തുക ആദ്യം 2815 കോടിയായിരുന്നു.

 

എന്നാൽ, കേന്ദ്രത്തിന്റെ കാലതാമസംമൂലം എസ്റ്റിമേറ്റ് തുക 3811 കോടി രൂപയായി. സംസ്ഥാന സർക്കാരിന് ഭീമമായ ബാധ്യതയാണുണ്ടാവുക. ഈ വർധിച്ച തുകയും സംസ്ഥാനം വഹിക്കണമെന്ന ആവശ്യം ന്യായമാണോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. അധിക തുക വായ്പയായി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

Advertisements