‘ബസില്‍ പീഡനമോ ശാരീരിക ഉപദ്രവമോ ഉണ്ടായിട്ടില്ല’; ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ഷിംജിതയെ പ്രതിക്കൂട്ടിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്
.
ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതി ഷിംജിതയെ പ്രതിക്കൂട്ടിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. ബസില്‍ പീഡനമോ ശാരീരിക ഉപദ്രവമോ ഉണ്ടായിട്ടില്ല. പ്രതി ഷിംജിത മുസ്തഫ ഏഴ് വീഡിയോ ചിത്രീകരിച്ചു. ദീപക് ആത്മഹത്യ ചെയ്തത് വീഡിയോ പ്രചരിപ്പിച്ചതിലുള്ള മനോവിഷമത്തെ തുടര്‍ന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഷിംജിത മുസ്തഫക്കായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കി. ലൈംഗിക അതിക്രമം ഉണ്ടായെന്ന് അറസ്റ്റിന് ശേഷവും ഷിംജിത ആവര്‍ത്തിച്ചു.

ഷിംജിതയുടെ ഫോണ്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. ഷിംജിത മുസ്തഫയുടെ ഫോണ്‍ വിശദമായി പരിശോധിക്കാനാണ് പൊലീസ് നീക്കം. ദീപകിന്റെ വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച തന്നെ അന്വേഷണസംഘം ഷിംജിതയുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും, ഷിംജിതയില്‍ നിന്നും പ്രാഥമികമായി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഫോണില്‍ നിന്നും കണ്ടെടുത്ത വിവാദ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് പൊലീസ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതേസമയം, തനിക്ക് ബസില്‍ വെച്ച് ലൈംഗിക അതിക്രമം നേരിട്ടു എന്ന പ്രാഥമിക മൊഴിയില്‍ ഷിംജിത ഉറച്ചു നില്‍ക്കുകയാണ്. ദീപക് ലൈംഗിക അതിക്രമം നടത്തിയെന്നും, തെളിവിനായാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നും ഷിംജിത മൊഴി നല്‍കി.




