സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ പ്രവേശന നടപടികളിൽ ധാരണയായില്ല
തിരുവനന്തപുരം: സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിലെ പ്രവേശന നടപടികളിൽ ധാരണയായില്ല. ഏകീകൃത പ്രവേശനത്തിന് മാനേജ്‌മെന്റ് അസോസിയേഷനുകൾ വാങ്ങുന്ന അപേക്ഷാഫീസിന് നിയമ പ്രകാരം 18 ശതമാനം ചരക്ക്-സേവന നികുതി അടയ്ക്കണം. ഇതിലെ തർക്കമാണ് ചർച്ച അനിശ്ചിതത്വത്തിലാക്കിയത്. ഓരോ വിദ്യാർത്ഥിയിൽനിന്നും 1000 രൂപയാണ് അപേക്ഷാഫീസായി അസോസിയേഷനുകൾ വാങ്ങിയിട്ടുള്ളത്.

2017 മുതലുള്ള ജി.എസ്.ടി. കുടിശ്ശികയാണ്. ഇത് അടയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. അനുകൂല തീരുമാനമില്ലെങ്കിൽ നിലപാട് മാറ്റില്ലെന്നാണ് അസോസിയേഷനുകൾ നിലപാട് അറിയിച്ചത്. ഓരോ മാനേജ്‌മെന്റും വെവ്വേറെ വാങ്ങുന്ന പ്രവേശന ഫീസിന് ജി.എസ്.ടി. നൽകേണ്ടതില്ല. വിദ്യാഭ്യാസസ്ഥാപനമെന്ന നിലയിലാണ് ഈ ഇളവ്. അസോസിയേഷനുകളെ ഈ ഗണത്തിൽപ്പെടുത്താനാകില്ലെന്നാണ് ജി.എസ്.ടി. വകുപ്പിന്റെ നിലപാട്. ഇതോടെ ഇനിമുതൽ ഏകീകൃത പ്രവേശനത്തിനില്ലെന്ന് അസോസിയേഷനുകൾ നിലപാടെടുത്തു.

ഇതോടെ വ്യാപക മെറിറ്റ് അട്ടിമറിക്കും. കോഴയ്ക്കും അവസരം തുറക്കുന്ന സാഹചര്യം ഉണ്ടായി. വ്യാഴാഴ്ച ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് മാനേജ്‌മെന്റ് അസോസിയേഷനുകളുമായും വ്യക്തിഗത മാനേജ്‌മെന്റുകളുമായും ചർച്ച നടത്തിയത്. അസോസിയേഷന്റെയും മറ്റ് മാനേജ്‌മെന്റുകളുടെയും അഭിപ്രായം സർക്കാരിനെ അറിയിച്ച് തീരുമാനം അറിയിക്കാമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. പ്രവേശനം സുതാര്യമായിരിക്കണമെന്ന് മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.




