അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ല, ജാതിയോ മതമോ ഇല്ല; ശബരിമലയുടെ വികസനം എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളതെന്ന് മന്ത്രി വി എൻ വാസവൻ
        ഹൈക്കോടതി നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. 5000 പേർക്ക് ഇരിക്കാൻ കഴിയുന്ന പന്തൽ ആണ് ഒരുക്കിയത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് ഫോട്ടോ എടുത്ത് തെറ്റായ പ്രചാരണം നടത്തി. 9.55നാണ് മുഖ്യമന്ത്രി ഉൾപ്പെടെ എത്തിയത്. 4126 പേർ പരിപാടിയിൽ പങ്കെടുത്തു. രജിസ്‌ട്രേഷൻ നടത്തി നമ്പർ എണ്ണിയ കണക്ക് ആണിത്. എത്തിച്ചേർന്ന ഒരാൾക്ക് പോലും പരാതി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടക പിസിസി ഉപാധ്യക്ഷൻ പങ്കെടുത്തു. അദ്ദേഹത്തിനും പരാതി ഉണ്ടായിരുന്നില്ല. ഉദ്ഘാടനം കഴിഞ്ഞപ്പോൾ ആളുകൾ എഴുന്നേറ്റു പോയി എന്നാണ് മറ്റൊരു പ്രചാരണം. അവർ പോയത് സെഷനുകളിൽ പങ്കെടുക്കാനാണ്. 3 സ്ഥലങ്ങളിൽ ആയിരുന്നു സെഷനുകൾ നടത്തിയത്. ഇതാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

18 അംഗ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കും. ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ എടുത്തത് പരിപാടിക്ക് മുമ്പാണ്. ഉദ്ഘാടന സമയത്ത് പന്തൽ നിറഞ്ഞിരുന്നു. പാർട്ടി സെക്രട്ടറിക്ക് പരിപാടിയുടെ ഉള്ളടക്കം ബോധ്യപ്പെട്ടു. അതാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരുമിച്ച വന്നതിൽ വിവാദം വേണ്ട. ഒരേ പരിപാടിയിൽ പങ്കെടുക്കാൻ വന്നവർ ആണ് അവർ.

യോഗി ആദിത്യനാഥിന്റെ പിന്തുണയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. യോഗി ആദിത്യനാഥ് അയച്ച സന്ദേശത്തിൽ ഒരു വർഗീയതയില്ല. മുഖ്യമന്ത്രി എന്ന നിലക്കാണ് ക്ഷണിച്ചത്. എന്നാൽ യോഗിയുടെ എല്ലാ നിലപാടിനോടും യോജിപ്പില്ല.

അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ല. ജാതിയോ മതമോ ഇല്ല. ശബരിമലയുടെ വികസനം എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. രാഷ്ട്രീയമായി ചിന്തിക്കുന്നവരാണ് ഇതിനെ എതിർക്കുന്നത്. അവരെല്ലാം ഒറ്റപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് ആളുകൾ ടിവി കാണുന്നത് പോലെ അയ്യപ്പ സംഗമവും ടിവിയിൽ കണ്ടു. സീരിയൽ ഒക്കെ മാറ്റി വെച്ചാണ് അയ്യപ്പ സംഗമം മാധ്യമങ്ങളിലൂടെ കണ്ടത്. മാധ്യമങ്ങൾക്ക് ഇത്തവണ റേറ്റിംഗ് കൂടും എന്നും അദ്ദേഹം പറഞ്ഞു.


                        
