വയനാട്ടിൽ കെ മുരളീധരനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്ന ചർച്ച സജീവം

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്ന ചർച്ച സജീവം. തൃശൂരിൽ ദയനീയമായി തോറ്റതിൽ സമാശ്വസിപ്പിക്കാനായി സീറ്റ് നൽകണമെന്നാണ് ആവശ്യം. രാഹുൽഗാന്ധി വയനാട് എംപി സ്ഥാനം ഒഴിയുമെന്നുറപ്പായ പശ്ചാത്തലത്തിലാണ് ഈ നീക്കം. തൃശൂരിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട അമർഷത്തിൽ പൊതു പ്രവർത്തനം മതിയാക്കുന്നതായി മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം കാലുവാരിയെന്ന വികാരത്തിലാണ് മുരളീധരൻ.

തൃശൂരിലെ സ്ഥാനാർത്ഥിത്വം അടിച്ചേൽപ്പിച്ച ശേഷം പ്രവർത്തനം ഏകോപിപ്പിക്കാൻ നേതൃത്വം ശ്രമിച്ചില്ലെന്ന ആക്ഷേപമുണ്ട്. തോറ്റിട്ടും മുതിർന്ന നേതാക്കളടക്കം ബന്ധപ്പെട്ടതുമില്ല. ഈ സാഹചര്യത്തിലാണ് പ്രവർത്തനത്തിൽനിന്ന് മാറിനിൽക്കുന്നതായി പ്രഖ്യാപിച്ചത്. ഗ്രൂപ്പിനതീതമായി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മുരളീധരന് ‘രക്തസാക്ഷി പരിവേഷ’മാണ് നൽകുന്നത്. കെ കരുണാകരന്റെ മക്കളെ കോൺഗ്രസ് ചതിക്കുകയാണെന്ന ആക്ഷേപം മുരളീധരന് വയനാട് സീറ്റ് നൽകുന്നതിലൂടെ മറികടക്കാനാകുമെന്നാണ് കരുതുന്നത്.

പത്മജാ വേണുഗോപാൽ ബിജെപിയിൽ ചേർന്ന സാഹചര്യത്തിൽ മുരളിയെ പിണക്കിനിർത്തുന്നത് ഗുണകരമാകില്ലെന്ന ചിന്തയും ഇതിനുപിന്നിലുണ്ട്. യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലിംലീഗിനും വയനാട്ടിൽ മുരളീധരനാകുന്നതിൽ താൽപ്പര്യമുണ്ട്. ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ഇതിനെ അനുകൂലിക്കുന്നു.

വ്യാഴാഴ്ച കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ വീട്ടിലെത്തി മുരളീധരനെ കണ്ടതും ഈ ലക്ഷ്യത്തിലാണ്. അതേസമയം വയനാട്ടിലേക്ക് തൽക്കാലമില്ലെന്ന നിലപാടിലാണ് കെ മുരളീധരൻ. ചർച്ചയിലും ഇക്കാര്യം വ്യക്തമാക്കിയെന്നാണ് വിവരം. രാഹുൽ ഒഴിഞ്ഞാൽ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി സ്ഥനാർഥിയാകുമെന്നാണ് വയനാട്ടിലെ കോൺഗ്രസ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. വയനാട് തന്റെ കുടുംബമാണെന്നും ഒരിക്കലും ഉപേക്ഷിക്കില്ലെന്നും ആവർത്തിച്ച രാഹുൽ, ജാള്യം മറയ്ക്കാൻ പ്രിയങ്കയെ തന്നെ മത്സരിപ്പിക്കാനാകും ശ്രമിക്കുകയെന്ന കണക്കുകൂട്ടലുമുണ്ട്.

