KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ചിറയുടെ ഓരത്ത് വാഹന പാർക്കിംഗിന് ഫീസ് ഏർപ്പെടുത്തിയതിൽ പ്രതിഷേധം വ്യാപകം


കൊയിലാണ്ടി: കൊല്ലം ചിറക്കു സമീപം വാഹന പാർക്കിംഗിന് ഫീസ് ഏർപ്പെടുത്താനുള്ള ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കണമെന്ന് എ ഐ.വൈ.എഫ് ആവശ്യപ്പെട്ടു. കേരളപ്പിറവി ദിനം മുതൽ ഭീമമായ ഫീസ് ചുമത്താനുള്ള തീരുമാനമാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇക്കഴിഞ്ഞ ദേവസ്വം ബോർഡ് യോഗത്തിലാണ് ഈ ജനവിരുദ്ധ തീരുമാനം എടുത്തതെന്നാണ് അറിയുന്നതെന്ന് നേതാക്കൾ പറഞ്ഞു. പിഷാരികാവ് ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് സ്ഥലം.

തീരുമാനം പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് സുമേഷ് ഡി. ഭഗത്, സെക്രട്ടറി എ.ടി. വിനീഷ് എന്നിവർ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു. ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും, നാലു ചക്രവാഹനങ്ങൾക്ക് 20 രൂപയും ഹെവി വാഹനങ്ങൾക്ക് 100 രൂപയുമാണ് ഫീസ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കൊല്ലം ചിറയ്ക്ക് സമീപം ഗാന്ധി പ്രതിമയ്ക്ക് അടുത്ത് നിന്ന് തുടങ്ങി ചിറയുടെ തെക്ക് പടിഞ്ഞാറ് ഭാഗവും വടക്കു ഭാഗവും ഉൾപ്പെടുന്ന പ്രദേശത്താണ് പുതുതായി പാർക്കിംഗിന് ഫീസ് ഈടാക്കാനുള്ള തീരുമാനം എടുത്തത്. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷോധവുമായി രംഗത്ത് വരുമെന്ന് എ.ഐെവൈഎഫ് നേതാക്കൾ പറഞ്ഞു. ദേവസ്വം ബോർഡ് തീരുമാനം പ്രദേശത്തെ കച്ചവടക്കാരെയും മറ്റുമാണ് സാരമായി ബാധിക്കുകയെന്നും വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാനായി എത്തുന്നവരെ പിന്തിരിപ്പിക്കുന്ന സമീപനമാണ് ദേവസ്വം ബോർഡ് കൈക്കൊണ്ടതെന്നും നേതാക്കൾ പറഞ്ഞു.
Share news