KOYILANDY DIARY.COM

The Perfect News Portal

യൂത്ത് ലീഗ് “യൂത്ത് മാർച്ച്” ഡിസംബർ 1ന് കൊയിലാണ്ടിയിൽ സ്വീകരണം നൽകും

കൊയിലാണ്ടി: യൂത്ത് ലീഗ് “യൂത്ത് മാർച്ച്” ഡിസംബർ1ന് കൊയിലാണ്ടിയിൽ. വിദ്വേഷവും ദുർഭരണവും ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബർ 26 മുതൽ ഡിസംബർ 10 വരെ നടത്തുന്ന “യൂത്ത് മാർച്ചിന്” ഡിസംബർ 1ന് കൊയിലാണ്ടിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിയോജക മണ്ഡലത്തിൽ രജിസ്റ്റർ ചെയ്ത1000 പ്രവർത്തകർ പങ്കെടുക്കുന്ന യൂത്ത് മാർച്ച് ഡിസംബർ 1 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് നന്തിയിൽ നിന്നാരംഭിച്ച് കൊയിലാണ്ടിയിൽ സമാപിക്കും.
രാജ്യത്ത് വർദ്ധിച്ച് വരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും കേരള സർക്കാരിന്റെ ജനവിരുദ്ധമായ നയത്തിനെതിരെയുമാണ് ക്യാമ്പയിൻ നടക്കുന്നത്. ജനുവരി 21 ന് കോഴിക്കോട് നടക്കുന്ന മഹാറാലിയോടെ ക്യാമ്പയിൻ സമാപിക്കും. യൂത്ത് മാർച്ചിന് മുന്നോടിയായി ശാഖാ-വാർഡ് സംഗമങ്ങൾ, പഞ്ചായത്ത് പ്രതിനിധി സംഗമങ്ങൾ, നിയോജകമണ്ഡലം യുവോത്സവം, വിദ്വേഷത്തിനെതിരെ മുഹബ്ബത്ത് കീ ബസാർ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നിയോജക മണ്ഡലത്തിലെ 4 പഞ്ചായത്തിലും 2 മുനിസിപ്പാലിറ്റിയിലും ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.
ഡിസംബർ 1 ന് വൈകിട്ട് നന്തിയിൽ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങൾ യൂത്ത് മാർച്ച് ഉദ്ഘാടനം ചെയ്യും. 7 മണിക്ക് കൊയിലാണ്ടിയിൽ നടക്കുന്ന സമാപന സമ്മേളനം പി കെ കെ ബാവ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ.എൻ.എ. ഖാദർ, മുസ്‌ലിം ലീഗ് ജില്ല പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി ടി ടി ഇസ്മയിൽ, അഡ്വ. പി കുൽസു തുടങ്ങിയവർ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി ഹനീഫ മാസ്റ്റർ, ജനറൽ കൺവീനർ കെ കെ റിയാസ്, മഠത്തിൽ അബ്ദുറഹ്മാൻ, എൻ പി മുഹമ്മദ് ഹാജി, കൺവീനർ ഫാസിൽ നടേരി, ടി അഷ്റഫ്, ഷഫീഖ് കാരേക്കാട് പി കെ മുഹമ്മദലി, എന്നിവർ പങ്കെടുത്തു.
Share news