യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു
പേരാമ്പ്ര: ചങ്ങരോത്ത് കുളക്കണ്ടത്ത് ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പഴുപ്പട്ട മീത്തൽ താമസിക്കും എടത്തും കുന്നുമ്മൽ വിജയന്റെ മകൻ വിജേഷിനാ (33) ണ് ഗുരുതര പരിക്കേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ശനി രാത്രി പതിനൊന്നരയോടെയാണ് സംഭവം. കോളിങ് ബൈൽ കേട്ട് വാതിൽ തുറന്ന വിജേഷിനെ അക്രമികൾ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളികേട്ട് സഹോദരനും ഭാര്യയും ബന്ധുവായ യുവാവും എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. വയറിന് വെട്ടേറ്റ വിജേഷിന് ശസ്ത്രക്രിയ നടത്തി.

കഴിഞ്ഞ 29ന് കുളക്കണ്ടത്ത് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽനിന്നെത്തിയ ശിവജിസേനക്കാരും നാട്ടുകാരും തമ്മിൽ വാക്‌തർക്കവും അടിപിടിയും നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് കരുതുന്നത്. പേരാമ്പ്ര സിഐ ബിനുതോമസിന്റെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിഭാഗവും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ടി പി രാമകൃഷ്ണൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണൻ എന്നിവർ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ എം പാലേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
