വണ്ടൂരിൽ യുവാവ് ഭാര്യാ മാതാവിനെ വെട്ടിക്കൊന്നു
വണ്ടൂർ: നടുവത്ത് ചേന്ദംകുളങ്ങരയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നു. വരിച്ചാലിൽ സൽമത്ത് (52) ആണ് മകൾ സജ്‌നയുടെ ഭർത്താവ് കല്ലിടുമ്പ് ഷെമീറി (36)ന്റെ വെട്ടേറ്റ് മരിച്ചത്. ചൊവ്വ വൈകിട്ട് 4.30നായിരുന്നു സംഭവം. വീട്ടിൽനിന്ന് പുറത്തുപോയി തിരിച്ചെത്തിയ ഷെമീർ കൈയിൽ കരുതിയ വലിയ കത്തി ഉപയോഗിച്ചാണ് സൽമത്തിനെ വെട്ടിയത്. വീടിനകത്തേക്ക് കയറിയ ഇയാൾ ആദ്യം സജ്നയെയാണ് വെട്ടാൻ ശ്രമിച്ചത്. സജ്ന കുട്ടികളുമായി പുറത്തേക്കോടി. ഈ സമയം പുറത്ത് പാത്രം കഴുകുകയായിരുന്ന സൽമത്തിനെ പിന്നിൽനിന്നെത്തി വെട്ടുകയായിരുന്നു.
നിലത്തുവീണ സൽമത്തിനെ വീണ്ടും വെട്ടുകയും ചവിട്ടുകയുംചെയ്തെന്ന് സജ്ന പറഞ്ഞു. തലയ്ക്ക് ഗുരുതര വെട്ടേറ്റ സൽമത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരണം ഉറപ്പുവരുത്തിശേഷമാണ് ഷെമീർ പിന്തിരിഞ്ഞത്. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ഷെമീറിനെ തടഞ്ഞുവച്ചു. ഇയാളെ വണ്ടൂർ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. നിലമ്പൂർ ഡിവൈഎസ്‌പി വർഗീസ്, വണ്ടൂർ സിഐ എ അജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
സൽമത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൊണ്ടോട്ടി ഓമാനൂർ സ്വദേശികളായ കുടുംബം 14 വർഷമായി നടുവത്ത് ചേന്ദംകുളങ്ങരയിലാണ് താമസം. ഷെമീർ ഭാര്യയെയും മക്കളെയും ഭാര്യാമാതാവിനെയും നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതിനെതിരെ വണ്ടൂർ പൊലീസിൽ പരാതിയുമുണ്ട്.